ഖാസി സി.എം. അബ്ദുല്ല മൗലവി: ജീവിതത്തിനും മരണത്തിനും ഇടയില്‍

-സിദ്ദിഖ്‌ നദവി ചേരൂര്‍
എന്തോ ഭീതിദമായ ദുഃസ്വപ്‌നം കണ്ടു ഞെട്ടിയുണര്‍ന്ന പ്രതീതിയിലാണ്‌ കാസര്‍കോട്ടെ ജനങ്ങള്‍. കണ്ടത്‌ സ്വപ്‌നം മാത്രമാകണമെന്ന്‌ ഉള്ളില്‍ ഇരമ്പി മറയുന്നു. അതിനിടയില്‍ അത്‌ സ്വപ്‌നമല്ല സംഭവം തന്നെയാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ മനസ്സ്‌ വിറങ്ങലിച്ച്‌ നില്‍ക്കുന്നു.
ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ വിയോഗം ചെമ്പരിക്കയിലും പരിസര പ്രദേശങ്ങളിലും അദ്ദേഹം വളര്‍ത്തിയ സ്ഥാപനങ്ങളിലും നേതൃത്വം നല്‍കിയ സംഘടനകളിലും സൃഷ്ടിക്കുന്ന നഷ്ടവും ആഘാതവും എത്ര കടുത്തതായിരിക്കും എന്ന കണക്കെടുപ്പ്‌ പോലും അസാധ്യമാക്കും വിധം ആ മരണസാഹചര്യം അവരെ മഥിക്കുകയും മൂകരാക്കുകയും ചെയ്യുന്നു. ഇങ്ങനെയും ഒന്ന്‌ സംഭവിക്കുമോ ? ഉത്തരം കിട്ടാതെ അവര്‍ തരിച്ചു നില്‍ക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍പോലും വിവാദങ്ങള്‍ വഴി തുറക്കാതെ, ശാന്തവും പക്വവും കുലീനവുമായ ജീവിതം കൊണ്ട്‌ അടുത്തവരെയും അകന്നവരെയും ഒരുപോലെ തന്റെ ആകര്‍ഷകവലയത്തില്‍ പിടിച്ചുനിര്‍ത്തിയ ഉസ്‌താദിന്റെ മരണം ഇങ്ങനെ വിവാദങ്ങള്‍ക്കും ദുരൂഹതകള്‍ക്കും നിമിത്തമായത്‌ വിധിവൈപരീത്യം എന്നല്ലാതെ മറ്റെന്ത്‌ പറയാന്‍ !
വിശാലമായ മരുഭൂമിയില്‍ ഒരിടത്ത്‌ വളര്‍ന്ന്‌ പടര്‍ന്ന്‌ പന്തലിച്ച നിലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വടവൃക്ഷം ഒരു സുപ്രഭാതത്തില്‍ കടപുഴകി വീഴുന്നു. കൊടുങ്കാറ്റ്‌ അടിച്ചുവീശിയിട്ടില്ല. ഭൂമികുലുക്കം ഉണ്ടായിട്ടില്ല. ആരും വെട്ടിമാറ്റിയതായി പ്രത്യക്ഷത്തില്‍ തെളിയുന്നുമില്ല. ഇത്തരം ഒരു അനുഭവം ജനങ്ങളെ എത്രമേല്‍ ആശ്ചര്യഭരിതവും അത്ഭുതസ്‌തബ്ദവും ആക്കാമോ അതുപോലുള്ള ഒരവസ്ഥയിലാണ്‌ ആ മരണവാര്‍ത്ത നമ്മെ കൊണ്ടെത്തിച്ചത്‌. ആയിരങ്ങള്‍ക്ക്‌ ആശ്വാസത്തിന്റെ തണലും അറിവിന്റെ കായ്‌കനികളും നല്‍കി ഉത്സാഹഭരിതരാക്കിയിരുന്ന മഹാനുഭാവന്റെ ഭൗതീകശരീരമാണ്‌ ആരും നിനച്ചിരിക്കാത്ത നേരത്തും തീരത്തും ചേതനയറ്റ നിലയില്‍ അവരുടെ കരങ്ങളിലണിഞ്ഞത്‌. അന്നേരം അവരുടെ മനസ്സില്‍ ഇരമ്പിമറിഞ്ഞ ശോകക്കടലിനോട്‌ അറബിക്കടല്‍ പോലും തോല്‍വി സമ്മതിക്കും. ' ശോകങ്ങള്‍ ഇത്ര വ്രവതോ ലോകമില്‍, ലോകമേ, നീ തന്നെ സത്യമാണോ ?' എന്ന്‌ കവി ചോദിച്ച അവസ്ഥയിലായിരുന്നു അദ്ദേഹത്തെ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവര്‍.
ഉസ്‌താദിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. നിരവധി സംശയങ്ങളും ചോദ്യങ്ങളും ഉത്തരം കിട്ടാതെ കിടക്കുന്നു. എന്നാല്‍, മരണം നടന്ന ശേഷമുള്ള രണ്ട്‌ ദിവസങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി കാര്യങ്ങള്‍ ഏതാണ്ട്‌ വ്യക്തമായി വരികയാണ്‌. സംഭവം കൊലപാതകമാണെന്ന കാര്യം ബലപ്പെടുത്തുന്ന തെളിവുകളാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. പക്ഷെ, സംഭവ ദിവസം പോലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടായ സമീപനത്തില്‍ ജനങ്ങള്‍ രോഷാകുലരാണ്‌. മരണസാഹചര്യം നിക്ഷപക്ഷമായും വസ്‌തുനിഷ്ടമായും വിലയിരുത്താതെ വിഷയത്തെ നിസ്സാരവല്‍ക്കരിക്കാനും വഴി തിരിച്ചുവിടാനുമാണ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ ധൃതികാട്ടിയത്‌. നാടിനെ നടുക്കിയ ഒരു മരണത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതില്‍ പോലീസ്‌ തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ്‌ പുലര്‍ത്തിയത്‌.
മരണം സ്വാഭാവികമാണെന്ന്‌ വരുത്തിതീര്‍ക്കേണ്ടത്‌ പോലീസിനെ സംബന്ധിച്ചിടത്തോളം പലനിലയ്ക്കും ആവശ്യമായിരിക്കാം. കൊലപാതമാണെന്ന്‌ വന്നാല്‍ ഉണ്ടാകാവുന്ന ജനരോഷവും ക്രമസമാധാന പ്രശ്‌നവും മുന്നില്‍ കണ്ട്‌ ജനവികാരം തണുപ്പിക്കുക. ഇതൊരു സാധാരണ സംഭവമാണെന്ന്‌ വിലയിരുത്തി ഫയല്‍ ക്ലോസ്‌ ചെയ്‌താല്‍ അവര്‍ക്ക്‌ സമാധാനമായി. അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും അലമ്പും ആയാസവും ഒഴിവാക്കി കിട്ടും. എന്നാല്‍, ഇതിനും അപ്പുറം മറ്റുവല്ല താല്‍പര്യങ്ങളും പോലീസിനെ സ്വാധീനിച്ചിരുന്നോ എന്ന്‌ ന്യായമായും സംശയിക്കാവുന്ന നിലയിലേക്കാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്‌. ഇത്തരം ഒരു സംഭവം നടന്നാല്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ അയക്കുന്നതിനു മുമ്പ്‌ പോലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടാകേണ്ട പല നടപടികളും ഇവിടെ നടന്നില്ല. കൊലപാതകം ആകാനുള്ള ശക്തമായ സാധ്യത അപ്പോള്‍ തന്നെ നിലവിലുണ്ടായിട്ടും ആ വഴിയുള്ള ഒരു നടപടിയും അവര്‍ എടുത്തില്ല. കണ്ടെത്തിയ സാധനങ്ങളിലും അദ്ദേഹം അവസാനമായി താമസിച്ച സ്ഥലത്തെയും ഉപയോഗിച്ച സാധനങ്ങളിലെയും തെളിവുകള്‍ ശേഖരിക്കാനോ വിരലടയാളം രേഖപ്പെടുത്താനോ പോലീസ്‌ തയ്യാറായില്ല.

സംഭവസ്ഥലം പോലീസ്‌ നായയെകൊണ്ട്‌ പരിശോധിപ്പിച്ച്‌ പ്രതികളിലേക്കുള്ള സൂചനകള്‍ കണ്ടെത്താനുള്ള ശ്രമം ഉണ്ടായട്ടില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ കിടപ്പുമുറി പരിശോധിച്ചു കിട്ടിയ കുറിപ്പുകള്‍ പൊക്കിപിടിച്ചു അതൊരു ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള ഹീനവും കിരാതവുമായ ശ്രമമാണ്‌ അവര്‍ നടത്തിയത്‌. കദനവും കണ്ണീരുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അനുയായികളുടെയും ബന്ധുജനങ്ങളുടെയും മനസ്സില്‍ കനല്‍ വാരിയിടുന്ന അനുഭവമാണ്‌ ആ നീക്കം സൃഷ്ടിച്ചത്‌. പിന്നീട്‌, നിജസ്ഥിതി ബന്ധുക്കള്‍ പുറത്ത്‌ വിട്ടതോടെ ഇത്തരം കരുനീക്കം നടത്തിയവരും അത്‌ ഏറ്റുപിടിച്ചവരും ഇളിഭ്യരും അപഹാസ്യരുമായി മാറി. കാളപെറ്റൂവെന്ന്‌ കേള്‍ക്കുമ്പോള്‍ കയറെടുക്കാന്‍ ഓടുന്നവരുടെ റോളിലായിരുന്നു ചില മാധ്യമങ്ങള്‍. കേട്ടപാതി, കേള്‍ക്കാത്ത പാതി എന്ന നിലയില്‍ അവര്‍ കഥകള്‍ ചമച്ചു. ആരെക്കുറിച്ചാണോ ഇത്‌ പറയുന്നതെന്നോ, അതിന്റെ സാംഗത്യമോ സാധ്യതയോ സങ്കീര്‍ണ്ണതയോ അവര്‍ക്ക്‌ പ്രശ്‌നമല്ല.
സ്വാത്വികനും സമാദരണീയനുമായ ഖാസിയെക്കുറിച്ച്‌ ഇങ്ങനെയോരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ അത്‌ സമൂഹത്തിന്‌ നല്‍കുന്ന സന്ദേശം എന്താണെന്നും പ്രത്യാഘാതം എത്ര ഗുരുതരമായിരിക്കുമെന്നും ആലോചിക്കാന്‍ കഴിയാത്ത നിലവാരത്തിലായിരുന്നു അവര്‍. ഇത്‌ സംബന്ധിച്ച്‌ നേരിട്ട്‌ അവരോട്‌ വിശദീകരണം ചോദിച്ചപ്പോള്‍ പോലീസിന്റെ ഭാഗത്ത്‌ നിന്ന്‌ കിട്ടിയ വിവരം ആണെന്നാണ്‌ അവര്‍ പ്രതികരിച്ചത്‌. ഇത്തരം ഘട്ടങ്ങളില്‍ പോലീസ്‌ നല്‍കുന്ന വിവിരങ്ങള്‍ എന്തും അണ്ണാക്കില്‍ തട്ടാതെ വിഴുങ്ങുകയാണോ ഒരു പത്രധര്‍മ്മം ? പിറ്റേ ദിവസം പോലീസിന്റെ നിലപാട്‌ ചോദ്യം ചെയ്യപ്പെട്ടൂവെന്ന്‌ എഴുതിയത്‌കൊണ്ട്‌ പ്രശ്‌നം തീരുമോ ? തലേദിവസത്തെ റിപ്പോര്‍ട്ടുകള്‍ ഏറ്റുപിടിച്ച്‌ സമൂഹത്തിന്റെ ചിലഭാഗങ്ങളില്‍ നടന്ന ആശാസ്യമല്ലാത്ത ചര്‍ച്ചകളും വിലയിരുത്തലുകളും കണ്ടില്ലെന്ന്‌ നടിക്കാന്‍ ആവുമോ? ആശയക്കുഴപ്പത്തിന്‌ ' ദല്ലാള്‍ ' പണിയെടുക്കുന്ന ഈ പ്രവൃത്തികൊണ്ട്‌ അവര്‍ എന്ത്‌ നേടി ? സാമാന്യബുദ്ധിക്ക്‌ നിരക്കാത്ത വാദമാണ്‌ പോലീസ്‌ പുറത്ത്‌ വിട്ടത്‌. യുക്തിയുടെയും മനുഷ്യ മനസ്സിന്റെ മനഃശാസ്‌ത്ര വിശകലനത്തിന്റെയും അംഗീകൃത മാനദണ്ഡങ്ങള്‍ വെച്ച്‌ ഏത്‌ കോണിലൂടെ നോക്കിയാലും ഉസ്‌താദ്‌ സ്വയം മരണം പുല്‍കുകയെന്നത്‌ ചിന്തിക്കാനോ സങ്കല്‍പ്പിക്കാനോ സാധ്യമല്ലാത്ത കാര്യമാണ്‌. അവസാന നിമിഷങ്ങള്‍ വരെ താന്‍ നിലകൊള്ളുന്ന ദൗത്യത്തിന്‌ വേണ്ടി സമര്‍പ്പിത ബുദ്ധിയോടെ സജീവമായിരുന്ന അദ്ദേഹം ഒരു നൂറ്‌ ജന്മം ലഭിച്ചാലും അതെല്ലാം തന്റെ ദൗത്യത്തിനും ധര്‍മ്മത്തിനും വേണ്ടി സമര്‍പ്പിച്ചു ദൈവപ്രീതിയിലൂടെ സായൂജ്യം നേടാനുള്ള വെമ്പലുമായാണ്‌ ആദ്യാവസാനം ജീവിച്ചത്‌. താന്‍ ഉയര്‍ത്തി പിടിക്കുന്ന മൂല്യങ്ങളിലോ ജീവിതവിശുദ്ധിയിലോ ഒരു വിട്ടുവീഴ്‌ചയും ചെയ്യാന്‍ തയ്യാറാകാതെ തികച്ചും സ്വാത്വികമായ ജീവിതം നയിച്ചതുകൊണ്ടാണല്ലോ അദ്ദേഹത്തെ അറിയിന്നവരുടെ മനസ്സിലെല്ലാം ഐശ്വര്യത്തിന്റെയും അഭിമാനത്തിന്റെയും തേജസ്വരൂപമായി ആ മുഖം സ്ഥാനം പിടിച്ചത്‌.
ഇപ്പോള്‍ വിഷയം കൊലപാതകമാണെന്ന്‌ മാത്രമല്ല; അതിനെ വഴിതിരിച്ചുവിടാന്‍ പോലീസിന്റെ ഭാഗത്ത്‌ നിന്നും അവിഹിത നീക്കങ്ങള്‍ ഉണ്ടായെന്നും സുചനകള്‍ പുറത്ത്‌ വരുന്നു. പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ട രീതിയും ഏറെ വിവാദമായിരിക്കുകയാണ്‌. ശരീരത്തിലുണ്ടായ മുറിവുകള്‍ ബലപ്രയോഗം നടന്നതായി സൂചന ലഭിച്ചിട്ടും അത്‌ മുഖവിലക്കെടുക്കാതെയാണ്‌ പോലീസ്‌ നീങ്ങിയത്‌. ഈ ഹീനകൃത്യം ചെയ്‌തത്‌ ആര്‌ ? എന്തിന്‌ അവര്‍ ഈ കടുംകൈ ചെയ്‌തു ? സംഭവത്തില്‍ പോലീസിന്റെ പങ്കും അന്വേഷണവിധേയമാക്കേണ്ട സാഹചര്യമാണ്‌ ഇപ്പോള്‍ ഉള്ളത്‌. കേരള പോലീസിന്റെ അന്വേഷണം തൃപ്‌തികരമായി നീങ്ങുമെന്ന്‌ ആര്‍ക്കും വിശ്വാസമില്ല. അവരുടെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന പല പ്രവൃത്തികളും പോലീസ്‌ സംവിധാനത്തിന്റെ തന്നെ വിശ്വാസതയും മതിപ്പും നഷ്ടപ്പെടുത്തുന്ന തരത്തിലാണ്‌. സി.ബി.ഐ.അന്വഷണത്തിലൂടെ മാത്രമേ സത്യാവസ്ഥ പുറത്ത്‌ കൊണ്ടുവരാന്‍ കഴിയൂ എന്ന ശക്തമായ വികാരം അധികൃതര്‍ക്ക്‌ അവഗണിക്കാന്‍ കഴിയില്ല.
ജീവിതത്തിലുടനീളം വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ ഉസ്‌താദ്‌ ആരെയും വേദനിപ്പിക്കുകയോ ശത്രുത നേടുകയോ ചെയ്‌തിട്ടില്ലെന്നത്‌ ശരിയാണ്‌. അതേ സമയം, അദ്ദേഹത്തിന്റെ മഹനീയ സാന്നിദ്ധ്യം ചിലരെയെങ്കിലും അലോസരപ്പെടുത്തിയിരുന്നുവെന്നതും സത്യമാണ്‌. താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും സ്ഥാപനത്തിനും ആദര്‍ശത്തിനും അപ്രതിരോധമായ കവചം തീര്‍ത്ത ശക്തി ദുര്‍ഗമായിരുന്ന ആ മഹാന്റെ സാന്നിധ്യം. പ്രതിയോഗികളില്‍ അസൂയയും പകയും സൃഷ്ടിക്കുക സ്വാഭാവികം മാത്രം. ഖാസി എന്ന നിലയില്‍ നീതിന്യായ രംഗത്ത്‌ പുലര്‍ത്തിയ കണിശമായ നിലപാടുകളും അദ്ദേഹത്തിന്‌ ശത്രുക്കളെ സൃഷ്ടിച്ചിരിക്കാം. വിശ്വവിഖ്യാത പണ്ഡിതകേസരി ഇമാം ശാഫി ഈ(റ)യുടെ പോലും മരണം കൊതിച്ചു നടന്നവരുടെ ലോകമാണിത്‌. ഇമാം ശാഫി തന്നെ ഇക്കാര്യം തന്റെ കവിതകളില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഗൂഢശക്തികളുടെയും തല്‍പ്പര കക്ഷികളുടെയും കുല്‍സിത നീക്കങ്ങളില്‍ നിന്ന്‌ ഖലീഫ ഉമര്‍(റ) അടക്കമുള്ള മൂന്ന്‌ ഖലീഫമാര്‍ക്ക്‌ പോലും രക്ഷപ്പെടാനായില്ല. അന്ത്യപ്രവാചകന്റെ പൊന്നോമന പൗത്രനായ ഹുസൈന്‍(റ) പ്രതിയോഗികളാല്‍ ഗളഛേദം ചെയ്യുപ്പെടുകയായിരുന്നു. ഇത്തരം വകവരുത്തല്‍കൊണ്ട്‌ അവരുടെ വ്യക്തിത്വത്തിനോ മഹത്വത്തിനോ ഒരുപോറലും സംഭവിച്ചില്ല. മറിച്ച്‌ ചരിത്രത്തില്‍ ചിരസ്‌മരണീയരായി അവര്‍ തലമുറകള്‍ക്ക്‌ ആവേശം പകര്‍ന്നുകൊണ്ടിരിക്കുന്നു.
അറിവ്‌ നേടുക, നല്‍കുക, അതിന്‌ വേണ്ട സംവിധാനം ഒരുക്കുക, ജീവിതത്തിലുടനീളം സി.എം.ഉസ്‌താദ്‌ തന്റെ ദൗത്യവും ലക്ഷ്യവുമായി കൊണ്ട്‌ നടന്നത്‌ ഈ കാര്യങ്ങളായിരുന്നു. ആദ്യം ആലിയ അറബികോളേജുമായി സഹകരിച്ച്‌ പ്രവര്‍ത്തിച്ചു. പിന്നീട്‌, സഅദിയ്യ കോളേജിന്റെ ആവിര്‍ഭാവത്തില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. വര്‍ഷങ്ങളോളം അതിന്റെ ഭരണവും, അധ്യാപനവും നിസ്വാര്‍ത്ഥമായി നിര്‍വ്വഹിച്ചുപോന്നു. ദൗര്‍ഭാഗ്യകരമായ ചില സാഹചര്യങ്ങള്‍ കാരണം അതുമായി ബന്ധപ്പെട്ടു മുന്നോട്ട്‌ പോകാന്‍ തന്റെ മനഃസാക്ഷി അനുവദിക്കാതെ വന്നപ്പോള്‍ സ്വയം മാറിനില്‍ക്കുകയായിരുന്നു. പ്രായം 60 പിന്നിട്ട സമയം എന്നിട്ടും വീട്ടില്‍ വിശ്രമിക്കാനല്ല അദ്ദേഹം താല്‍പ്പര്യപ്പെട്ടത്‌. ഇനിയും ഒരു മഹാപ്രസ്ഥാനത്തിന്റെ സംസ്ഥാപനത്തിന്‌ ചുക്കാന്‍ പിടിക്കാന്‍ തനിക്ക്‌ ബാല്യമുണ്ടെന്ന്‌ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ഭാഗധേയത്തിലൂടെ ഉസ്‌താദ്‌ തെളിയിച്ചു.

കഴിഞ്ഞ 17 വര്‍ഷം കൊണ്ട്‌ ഒരു സ്ഥാപനത്തിന്‌ സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന വിപുലമായ ഒരു സമുഛയമായി അത്‌ മാറി. ഈ വളര്‍ച്ചയില്‍ ഉസ്‌താദിന്റെ വ്യക്തിപ്രഭാവവും നിസ്വാര്‍ത്ഥ നേതൃത്വവും ബഹുജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും നിര്‍ണ്ണായക പങ്കാണ്‌ വഹിച്ചതെന്ന്‌ സമ്മതിക്കാന്‍ ആര്‍ക്കും രണ്ട്‌ വട്ടം ആലോചിക്കേണ്ടി വരില്ല. ഉത്തരമലബാറില്‍ സമസ്‌തയെ ഒരു ബഹുജനപ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും സി.എം.ഉസ്‌താദിന്റെ സംഭാവനകള്‍ അദ്വിതീയമാണ്‌. മുസ്ലീങ്ങളുടെ സംഘശക്തിയും രാഷ്ട്രീയശാക്തീകരണവും അനിവാര്യമാണെന്ന്‌ വിശ്വസിച്ചിരുന്ന ഉസ്‌താദ്‌, അതിനു ഹാനികരമാകുന്ന ഒരു നീക്കവും വച്ചുപൊറുപ്പിച്ചില്ല. എല്ലാ മതവിഭാഗക്കാരും ഒരുപോലെ ആദരിച്ചിരുന്ന മഹാന്‍ സാമുദായിക സൗഹാര്‍ദ്ദം അപകടത്തിലാകുന്ന ഘട്ടങ്ങളിലെല്ലാം അതിനെതിരെ ശക്തമായി നിലകൊണ്ടു. തന്റെ അയല്‍ പ്രദേശമായ കീഴൂരില്‍ ഏതാനും വര്‍ഷം മുമ്പ്‌ ചെറിയവര്‍ഗ്ഗീയ പ്രശ്‌നം ഉടലെടുത്തപ്പോള്‍ ഉസ്‌താദ്‌ മുന്നില്‍ നിന്നു ശാന്തിയാത്ര നയിച്ചത്‌ ആരും മറന്നുകാണില്ല.
വാക്കുകളിലെ മിതത്വവും സമീപനത്തിലെ സന്തുലിതത്വവും പുതിയ വിഷയങ്ങള്‍ പഠിക്കാനുള്ള ത്വരയും ഉസ്‌താദിന്റെ മുഖമുദ്രയായിരുന്നു. മറ്റുപല സമകാലിക പണ്ഡിതര്‍ക്കും എത്തിപ്പെടാനാവാത്ത ഉയരത്തിലും വ്യാപ്‌തിയിലും ആണ്‌ ഉസ്‌താദിന്റെ മനസ്സ്‌ വ്യാപരിച്ചത്‌. ഒന്നിലും എടുത്ത്‌ ചാട്ടമില്ല, ഒന്നിനോടും തീവ്രമായി പ്രതികരിക്കില്ല, എല്ലാ അഭിപ്രായങ്ങളും ശ്രദ്ധിച്ച്‌ കേള്‍ക്കും, ഒടുവില്‍ മാത്രം തന്റെ തീരുമാനം പ്രഖ്യാപിക്കും. വ്യക്തിപരമായ നേട്ട-നഷ്ടങ്ങള്‍ ഒന്നിന്റെയും മാനദണ്ഡമായില്ല. പഴമയുടെ എല്ലാ നന്മയും നിലനിര്‍ത്തിക്കൊണ്ട്‌ തന്റെ പുതുമയുടെ സാധ്യതകള്‍ പരമാവധി സാംശീകരിച്ചു. എല്ലാം കൊണ്ടും കാലം കരുതലോടെ രൂപപ്പെടുത്തിയെടുത്ത ഒരു അപൂര്‍വ്വ വ്യക്തിത്വത്തമായിരുന്നു ഖാസി സി.എം.അബ്ദുല്ല മൗലവി. ആ മഹാനുഭാവന്റെ പരലോകജീവിതം സൗഭാഗ്യപൂര്‍ണ്ണമാക്കാന്‍ നമ്മുക്ക്‌ പ്രാര്‍ത്ഥിക്കാം. ഒപ്പം ആ മഹാന്റെ ദുരൂഹമരണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ടശക്തികളെ നിയമത്തിന്‌ മുന്നിലേക്ക്‌ കൊണ്ടുവരാനുള്ള ത്യാഗയജ്ഞനത്തില്‍ നമുക്ക്‌ അണിചേരാം. നാഥന്‍ തുണക്കട്ടെ(ആമീന്‍).

ഖാസി സി എം അബ്ദുല്ല മൌലവി: ഉത്തര മലബാറിലെ ജ്ഞാന ജ്യോതിസ്സ്

-ഇസ്മായില്‍ ഹുദവി
(എം ഐ സി ദാറുല്‍ ഇര്‍ശാദ് അക്കാദമി)
ഒരു തിങ്കളാഴ്ചയാണെന്ന് തോന്നുന്നു. ക്ളാസെടുത്തുകൊണ്ടിരിക്കെ ഡ്രൈവര്‍ വന്ന് പറഞ്ഞു.ഉസ്താദ് വിളിക്കുന്നുണ്ട്. ക്ളാസ് കഴിഞ്ഞ് ഉസ്താദവര്‍കളുടെ റൂമില്‍ ചെന്നു. ഉടന്‍ തന്റെ ലാപ്ടോപ്പിന്റെ ബാഗില്‍ നിന്ന് ഒരു കടലാസെടുത്തു പറഞ്ഞു. ഇത് ഒന്ന് പരിശോധിക്കാന്‍ ആര്‍ക്കാണ് അറിയുക? നാവിഗേഷനുമായി ബന്ധപ്പെട്ട ട്രിഗ്ണോമെട്രിയിലെ ഒരു കണക്കായിരുന്നു അത്. ഒന്ന് സൂക്ഷിച്ച് നോക്കി. ഞാന്‍ പറഞ്ഞു, ആര്‍ട്സ് കോളേജില്‍ ബി.എസ്.സി മാത്സുണ്ടല്ലോ. ആ ഡിപ്പാര്‍ട്ട്മെന്റിനെ ഏല്‍പിക്കാം. ഉസ്താദവര്‍കളും അത് ശരിയാണെന്ന് മനസ്സിലാക്കി അവിടെ എത്തിക്കാന്‍ എന്നെ ഏല്‍പിച്ചു.ഉച്ച കഴിഞ്ഞ് ഉസ്താദ് വീണ്ടും വിളിച്ചു. എന്നിട്ട് പറഞ്ഞു:"അവര്‍ കുറെ ശ്രമിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല എന്ന് പറഞ്ഞു''. പിന്നീട്, കുറെ ചിന്തിച്ച് ഉസ്താദ് തന്നെ പറഞ്ഞു:" നാളെ ഹയര്‍ പഠിക്കുന്ന ആരെയെങ്കിലും ഏല്‍പിക്കാം. അവര്‍ക്ക് ഒരു പക്ഷെ, പരിശോധിക്കാന്‍ കഴിഞ്ഞേക്കാം''. രണ്ട് ദിവസം കഴിഞ്ഞ് ഉസ്താദിനോട് സൂത്രത്തില്‍ കാര്യം അന്വേഷിച്ചപ്പോള്‍ ഉസ്താദ് കുലുങ്ങിച്ചിരിച്ച്കൊണ്ട് പറഞ്ഞു: " അതില്‍ ഒരു കുഴപ്പവുമില്ലെന്ന് അവിടെയുള്ള ഒന്നിലധികം പേര്‍ ഇജ്മാആയിട്ടുണ്ട്''.

ഉത്തര മലബാറിലെ വൈജ്ഞാനിക മണ്ഡലങ്ങളില്‍ എന്നും സ്മരിക്കപ്പെടുന്ന പേരാണ് വിശ്രൂത പണ്ഡിതനായ ഖാസി സി എം അബ്ദുല്ല മൌലവി. പണ്ഡിതന്‍, പ്രഭാഷകന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍, സംഘാടകന്‍, നിയമജ്ഞന്‍ എന്നിങ്ങനെ പോകുന്നു ഉസ്താദിന്റെ വിശേഷണങ്ങള്‍. കടന്നു ചെല്ലുന്ന ഏത് മേഖലയിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച സമുദായ പരിഷ്കര്‍ത്താവായിട്ടാണ് ആ മഹാമനുഷി ചരിത്രത്തില്‍ ഗണിക്കപ്പെടുന്നത്. പാണ്ഡിത്യം കിരീടവും പ്രവര്‍ത്തനം ജീവിത തപസ്സ്യയുമാക്കിയ ജ്ഞാന ജ്യോതിസ്സുകളില്‍ അവസാന കണ്ണികളില്‍ ഒരാളെയാണ് ഇന്ന് മുസ്ളിം കേരളത്തിന് നഷ്ടമായിരിക്കുന്നത്.
അഗാത പാണ്ഡിത്യം, കൃത്യമായ ദീര്‍ഘവീക്ഷണം, അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനം, വ്യത്യസ്തമായ അഭിപ്രായങ്ങളെ ഉള്‍കൊള്ളാനുള്ള വിശാല മനസ്കത, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള അപാരമായ മനഃശക്തി തുടങ്ങിയവ ഉസ്താദവര്‍കളെ തന്റെ സമകാലികരില്‍ നിന്നും വ്യതിരിക്തമാക്കുന്നു.

വിദ്യഭ്യാസ പരമായി പിന്നോക്കം നില്‍കുന്ന ഉത്തരമലബാറില്‍ വൈജ്ഞാനിക പുരോഗതിയുടെയും മുന്നേറ്റത്തിന്റെയും ദിശ നിര്‍ണ്ണയിച്ചത് ഉസ്താദവര്‍കളുടെ ഇടപെടലുകളായിരുന്നു. സമുദായത്തിന്റെ ദുരവസ്ഥയില്‍ അസ്വസ്ഥനായ ആ മഹാന്‍ നാളെയുടെ നന്മകള്‍ വിരിയിക്കാന്‍ കനല്‍ പഥങ്ങളിലൂടെ സധൈര്യം മുന്നേറി. അങ്ങനെയായിരുന്നു സഅദിയ്യ അറബിക്ക് കോളേജിന്റെ പിറവിയും മലബാര്‍ ഇസ്ളാമിക്ക് കോംപ്ളക്സിന്റെ ഉദയവും. മതഭൌതിക വിദ്യാഭ്യാസ സമന്വയമെന്ന തന്റെ ഉല്‍ക്കടാഭിലാക്ഷം എം ഐ സി ദാറുല്‍ ഇര്‍ഷാദ് അക്കാദമിയുടെ ഉദയത്തോടെ പൂവണിയുകയുണ്ടായി. തന്റെ ദീര്‍ഘവീക്ഷണത്തോട് കൂടിയുള്ള വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ സഅദിയ്യയിലൂടെ കൈവരിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് അവിടം ഉപേക്ഷിച്ച് പുതിയ മേച്ചില്‍പുറം കണ്ടെത്താന്‍ ഉസ്താദ് തീരുമാനിച്ചത്.

അറിവിനോടുള്ള അടങ്ങാത്ത ആവേശം ഉസ്താദവര്‍കളുടെ ജീവിതത്തിലുടനീളം പ്രകടമായിരുന്നു. ദര്‍സ്സില്‍ നിന്ന് 'ഖുതുബി' ഓതുമ്പോള്‍ അഗാധതയിലേക്കിറങ്ങിച്ചെന്നത് ഇതിനു വ്യക്തമായ തെളിവാണ്. മതങ്ങളെക്കുറിച്ചും ഇസങ്ങളെക്കുറിച്ചുമൊക്കെ ആഴത്തില്‍ പഠിക്കുകയും അവയെക്കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികവും സങ്കീര്‍ണവുമായ ഫിഖ്ഹീ പ്രശ്ണങ്ങളില്‍ വളരെ അത്ഭുതത്തോട് കൂടി കേട്ടിരുന്നിട്ടുണ്ട്. ഐ.പി.എച്ച്. പുറത്തിറക്കിയ ഇസ്ളാമിക വിജ്ഞാനകോശം ഉസ്താദിന് പരിചയപ്പെടുത്തിക്കൊടുത്തപ്പോള്‍ രണ്ടാഴ്ചക്കിള്ളില്‍ അതിന്റെ 4 ഭാഗം പൂര്‍ണ്ണമായും വായിച്ച് തീര്‍ത്ത് അഭിപ്രായം രേഖപ്പെടുത്തിയത് ഇന്നും ആശ്ചര്യകരമാണ്. ഏത് ദീര്‍ഘയാത്ര കഴിഞ്ഞ് വന്നാലും രാത്രി അല്‍പ്പം ഗ്രന്ഥ രചനയും വായനയും ഉസ്താദവര്‍കള്‍ ഒഴിവാക്കിയിരുന്നില്ല. അര്‍ദ്ധരാത്രിയും കഴിഞ്ഞ് രണ്ട് മണിവരെ ചിലപ്പോള്‍ വായനയിലേര്‍പ്പെടാറുണ്ട്. കേരള നിയമസഭയില്‍ ഉമര്‍(റ) കുറിച്ചുള്ള ഒരു ലൈബ്രറി കത്തിച്ച പരാമര്‍ശം വിവാദമായപ്പോള്‍ അതിന്റെ നിജസ്ഥിതി ഏതോ ഒരു ഇംഗ്ളീഷ് പുസ്തകത്തില്‍ നിന്ന് കണ്ടെത്തി സന്തോഷാധിക്യത്താല്‍ ഈ ലേഖകന് മൊബൈലില്‍ വിളിക്കുകയും പെട്ടെന്ന് വാച്ചില്‍ നോക്കിയപ്പോള്‍ ഒരു മണി കഴിഞ്ഞതറിഞ്ഞ് കോള്‍ കട്ട് ചെയ്യുകയും ചെയ്തെന്നു ഉസ്താദവര്‍കള്‍ ചിരിച്ച് കൊണ്ട് പറഞ്ഞപ്പോള്‍ ആ ജ്ഞാന ദാഹിയുടെ വിജ്ഞാന തപസ്സ്യ എത്രമാത്രമാണെന്ന് ഊഹിക്കാന്‍ പ്രയാസമില്ല.

വിജ്ഞാനത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും തന്റെ ചിന്തകള്‍ നടപ്പിലാക്കാനുള്ള പ്രായോഗിക രീതികള്‍ സസൂക്ഷ്മം വിലയിരുത്തുകയും ചെയ്യുന്ന ഖാസിയുടെ സ്വഭാവം എന്ത് കൊണ്ടും മാതൃകായോഗ്യമാണ്. 1971ല്‍ കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജിയുടെ സഹായത്താല്‍ തന്റെ ആത്മാര്‍ത്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായി സഅദിയ്യ അറബിക്ക് കോളേജ് തുടങ്ങിയപ്പോഴും പ്രിന്‍സ്പ്പളായും വൈസ് പ്രിന്‍സിപ്പളായും മാറിമാറി ജോലി ചെയ്തപ്പോഴും സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നതിലുപരി ആ സ്ഥാനം കൊണ്ട് തന്റെ സ്ഥാപനത്തിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു ആ പണ്ഡിതവര്യന്റെ ചിന്ത. സ്ഥാപനത്തിന് വേണ്ടി സ്വദേശത്തും വിദേശത്തും പര്യടനം നടത്തുമ്പോള്‍ സ്വന്തം കീശ വീര്‍പ്പിക്കുന്നതിന് പകരം തനിക്ക് ലഭിച്ചത് പോലും സ്ഥാപനത്തിന് കൊടുക്കുന്ന ഉസ്താദവര്‍കളുടെ മാതൃക പിന്‍തലമുക്ക് എന്നും പാഠമാകേണ്ടതുണ്ട് . നന്തി ദാറുസ്സലാമില്‍ നിന്ന് "ശംസുല്‍ ഉലമ'' അവാര്‍ഡായി ലഭിച്ച പതിനായിരത്തി ഒന്നു രൂപയില്‍ അയ്യായിരം രൂപ ആ സ്ഥാപനത്തിന് നല്‍കുന്നതായി അവിടെ നിന്ന് തന്നെ പ്രഖ്യാപിക്കുകയും ബാക്കി അയ്യായിരം തന്റെ സ്ഥാപനമായ എം.ഐ.സി ക്ക് നല്‍കുകയും ചെയ്തതിന് ശേഷം ബാക്കിയുള്ള ഒരു രൂപ കീശയില്‍ നിന്ന് കൊഴിഞ്ഞ് പോയി എന്ന് ഉസ്താദവര്‍കള്‍ വളരെ രസാവഹമായി പറഞ്ഞതും എന്നും മനസ്സില്‍ ഓര്‍ക്കാനാഗ്രഹിക്കുന്ന കാര്യമാണ്.

സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും സ്ഥാപനങ്ങളുടെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമ്പോഴും സൂക്ഷ്മതക്ക് പ്രഥമ സ്ഥാനം നല്‍കിയായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷം മുമ്പ് ജില്ലയിലെ ഒരു പ്രമുഖന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഫ്ത്താര്‍ വിരുന്നൊരുക്കിയപ്പോള്‍ ആ വിരുന്നിലേക്ക് ഉസ്താദിന്റെ ഭാഗത്ത് നിന്നും അതിഥിയായി ഒരാളെ ക്ഷണിച്ചതിനാല്‍ അവര്‍ക്കാവശ്യമായ ഭക്ഷണം സ്വന്തം വീട്ടില്‍ നിന്ന് ഉണ്ടാക്കി കൊണ്ട് വന്നത് ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്. അത് പോലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നബിദിന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ ദഫും കോല്‍ക്കളിയും അടങ്ങിയ ഒരു സി.ഡി പ്രകാശനം ചെയ്യേണ്ടിവന്നപ്പോള്‍ അതിനുള്ളില്‍ എന്താണെന്ന് വ്യക്തമായി അറിയാത്തതിനാല്‍ അതില്‍ നിന്ന് വിട്ട് നിന്നതും സ്മരണീയമാണ്.

കാലാനുസൃതമായ പരിഷ്കരണത്തിലൂടെ എന്നാല്‍, പൌരാണിക സമ്പ്രദായങ്ങളില്‍ അതിഷ്ഠിതവുമായി ഗവേഷണാത്മക പഠന രീതിയാണ് ഉസാതാദവര്‍കള്‍ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ചത്. മതപണ്ഡിതന്റെ എല്ലാ സ്വഭാവഗുണങ്ങളും വെച്ച് പുലര്‍ത്തുന്നതോടൊപ്പം താന്‍ നിലനില്‍കുന്ന സമൂഹത്തിനും സാഹചര്യത്തിനും ആവശ്യമായ ഭൌതിക വിദ്യഭ്യാസവും ഭാഷാ വൈധഗ്ദ്യവും ഒരു പണ്ഡിതന്‍ കൈവശപ്പെടുത്തണമെന്നത് തന്റെ അഭിലാഷമായിരുന്നു. മതപണ്ഡിതന്മാരില്‍ ഭൌതിക വിദ്യഭ്യാസത്തിന്റെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് ആ മഹാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടില്ല. തന്റെ വേഷവിധാനങ്ങളിലും, വൈയക്തിക ജീവിതത്തിലും ഈ കണിശത വെച്ച് പുലര്‍ത്തിയിരുന്നു. എസ്.എസ്.എല്‍.സി വരെയുള്ള ഔദ്യോഗിക ഭൌതിക വിദ്യഭ്യാസം മാത്രമാണ് ഉസ്താദവര്‍കള്‍ കരസ്ഥമാക്കിയതെങ്കിലും ആ മേഖലയെ തന്റെ അതിവിശാലമായ വായനയിലൂടെ പരിപോഷിപ്പിക്കാന്‍ തനിക്ക് സാധിച്ചു. തന്റെ ഇഷ്ട മേഖലയായ ഗോളശാസ്ത്രത്തില്‍ ഇത്രമാത്രം ഭൌതികശാസ്ത്രത്തെ അവലംഭിക്കുകയും എന്നാല്‍, പുരാതന പണ്ഡിതരുടെ പാതയിലൂടെ മുന്നേറുകയും ചെയ്ത ഒരു പണ്ഡിതനെ കാണുക അസാധ്യമാണ്. പള്ളികള്‍ക്ക് ഖിബ്ല നിര്‍ണയിക്കാന്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ "വിക്കിമാപ്പിയയും'' "ഗൂഗിള്‍ എര്‍ത്തും'' അവലംബമാക്കി ആ സ്ഥലത്തിന്റെ രേഖാംശവും അക്ഷാംശവും കണ്ടെത്തി അവിടെയുള്ള ഖിബ്ല പോയിന്റ് മുന്‍കൂട്ടി കുറിച്ച് വെക്കുകയും മാഗ്നറ്റിക്ക് വേരിയേഷന്‍ കണ്ടെത്തി അതിന്റെ വ്യത്യാസം രേഖപ്പെടുത്തുക എന്നതും ഉസ്താദിന്റെ സ്വഭാവമാണ്. തന്റെ അവസാന കാലങ്ങളില്‍ ഇന്റര്‍നെറ്റിലൂടെ സെര്‍ച്ച് ചെയ്ത് ഗോളശാസ്ത്രത്തിലുണ്ടായ പുതിയ കണ്ടെത്തലുകളെക്കുറിച്ച് ഗവേഷണം നടത്തുകയും പഠിക്കുകയും ചെയ്യുമായിരുന്നു. തന്റെ ആഗ്രഹസഫലീകരണത്തിന്റെ ഭാഗമായ ദാറുല്‍ ഇര്‍ഷാദ് അക്കാദമിയുടെ സിലബസ്സില്‍ ഗോളശാസ്ത്രം ഉള്‍കൊള്ളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും അതിന് വേണ്ടി ആധുനിക സയന്‍സിനെ അടിസ്ഥാനമാക്കിയുള്ള ചെറിയ ഗോളശാസ്ത്ര കൃതി തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിക്കുകയും ചെയ്തിരുന്നു.

ഗ്രന്ധരചനയായിരുന്നു ഉസ്താദവര്‍കളുടെ ഏറ്റവും പ്രിയപ്പെട്ട മേഖല. സരളവും ഗാംഭീര്യതയുമുള്ള ഭാഷയും ഒഴുകുന്ന രചനാശൈലിയും തന്റെ ഈ ജന്മവാസനക്ക് മാറ്റ്കൂട്ടുന്നു. പഠിക്കുന്ന കാലത്ത് തന്നെ വിവിധങ്ങളായ പത്രമാസികകളില്‍ ലേഖനങ്ങളും മറ്റും എഴുതുക പതിവായിരുന്നു. അറബിയിലും ഇംഗ്ളീഷിലും മലയാളത്തിലുമുള്ള തന്റെ രചനകള്‍ എല്ലാം തന്നെ ഗവേഷണാത്മകമാണ്. 'ഫത്ഹുല്‍ കന്‍സ്' എന്ന പേരിലറിയപ്പടുന്ന അറബിമലയാള കവിതയും, സ്വപിതാവിന്റെ പേരിലുള്ള മൌലീദും താന്‍ ഖാസിയായ ശേഷം മംഗലാപുരത്തെ പ്രഥമ ഖാസി മൂസബ്നു മാലിക്കില്‍ ഖുറൈശിയുടെ പേരിലുള്ള 'അല്‍ ഫത്ഹുല്‍ ജൈശി' എന്ന മൌലീദും ആ പണ്ഡിതനിലെ രചനാവൈഭവത്തെ വിളിച്ചോതുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ കണ്ണിനു അസുഖം ബാധിച്ചപ്പോള്‍ മാത്രമാണ് എഴുത്തിന് അല്‍പം വിശ്രമം നല്‍കിയത്. അസുഖം മാറിയതിന് ശേഷം ഏത് തിരക്ക് പിടിച്ച അവസരത്തിലും എഴുത്തും വായനയുംഒഴിവാക്കിയിരുന്നില്ല. രോഗ്രസ്തനായി മംഗലാപുരം യേനപ്പായ യ ഹോസ്പിറ്റലില്‍ വിശ്രമിക്കുമ്പോള്‍ പോലും സന്ദര്‍ശകരെ ഒഴിവാക്കി എഴുത്തിന്റെ ലോകത്തേക്ക് കടക്കാനാണ് ഉസ്താദ് വ്യഗ്രത കാണിച്ചത്. ഈ ആശുപത്രി കാലഘട്ടത്തിലാണ് തന്റെ ഗവേഷണ ഗ്രന്ഥമായ "മംഗലാപുരം ഖാസിമാര്‍'' എന്ന ചരിത്രഗ്രന്ഥം എഴുതാന്‍ ആരംഭിച്ചത്. വളരെ അമൂല്യമായ പല നിഗമനങ്ങളും ആ ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടിത്തിയിട്ടുണ്ട്.(ഗ്രന്ഥത്തിന്റെ കന്നട പതിപ്പ് പുറത്തിറങ്ങിയെങ്കിലും മലയാളപ്പതിപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല) മംഗലാപുരം പ്രഥമ ഖാസിയെക്കുറിച്ചുള്ള മൌലീദും ഈ കാലത്ത് തന്നെയാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. രോഗം മാറാന്‍ വേണ്ടി അദ്ദേഹം നേര്‍ച്ചയാക്കിയതായിരുന്നു വിശ്രുത പ്രവാചക മഹദ് ഗീതം, ബുര്‍ദഃയുടെ വിവര്‍ത്തനം. ഗ്രന്ഥത്തിന്റെ കമ്പ്യൂട്ടര്‍ കോപ്പി പൂര്‍ത്തിയായി രണ്ട് ദിവസത്തിനുള്ളില്‍ ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ പോവുകയും തന്റെ രോഗം പൂര്‍ണ്ണമായും സുഖമായതായി വിവരം ലഭിക്കുകയും ചെയ്തു

ഉസ്താദിന്റെ വളരെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ഇസ്ളാമിക വിദ്യാഭ്യാസ രംഗത്തുള്ള റിസര്‍ച്ച് സമ്പ്രദായം. എം ഐ സിക്ക് കീഴില്‍ മതഭൌതിക സമന്വയ വിദ്യാഭ്യാസത്തിന്റെ പാതയില്‍ പന്ത്രണ്ട് വര്‍ഷമായി സ്തുത്യര്‍ഹരീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ദാറുല്‍ ഇര്‍ശാദ് അക്കാദമി അതിനൊരു വേദിയാകണമെന്ന് ഉസ്താദവര്‍കള്‍ ഏറെ ആഗ്രഹിച്ചിരിന്നു. അത്ഭുതമെന്ന് പറയട്ടെ ദാറുല്‍ ഇര്‍ശാദിന്റെ മാതൃകാ സ്ഥാപനമായ ദാറുല്‍ ഹുദാ ഇസ്ലാമിക്ക് അക്കാദമി ഒരു യൂണിവാഴ്സിറ്റിയായി അപ്രഗ്രേഡ് ചെയ്യുകയും അതിന്റെ പാഠ്യപദ്ധതിയില്‍ പുതിയ പരിഷ്കാരങ്ങള്‍ വരുത്തുകയും തുടര്‍ന്ന് പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് 'തഫ്സീര്‍, ഫിഖ്ഹ്, ഹദീസ്' എന്നീ മൂന്ന് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്പെഷ്യലൈസ് ചെയ്ത് പഠിക്കാനുള്ള അവസരം വന്നിരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഉസ്താദിന്റെ നയനങ്ങളില്‍ നിന്നും സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞത് ഇന്നും വികാരധീനനായ് ഓര്‍ത്തുപോകുകയാണ്. ഒരു വര്‍ഷം മുമ്പ് കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ളാമിക്ക് കോളേജ് ഭാരവാഹികള്‍ നിലവിലുളള സിലബസ്സ് ശൈലിയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ ഉസ്താവര്‍കള്‍ മുന്നോട്ട് വെച്ചത് ഈ ആശയമായിരിന്നു.

സമൂഹത്തിലെ പലഉന്നതരും ഉസ്താദവര്‍കളുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് അകമഴിഞ്ഞ സഹായവും പിന്തുണയും നല്‍കിയിട്ടുണ്ട് .അവയില്‍ മുന്‍പന്തിയില്‍ നില്‍കുന്നത് മലബാര്‍ ഇസ്ളാമിക് കോംബ്ളക്സ് ജനറല്‍ സോക്രട്ടറിയും , സമസ്ത കേന്ദ്ര മുശാവറ അംഗവുമായ യു.എം അബ്ദുറഹ്മാന്‍ മുസ്ളിയാര്‍ അവര്‍കളാണ്. 45 വര്‍ഷത്തെ അഗാധമായ സൌഹൃദ ബന്ധമാണ് ഇരുവരും തമ്മില്‍. സുഹൃത്തുക്കളാണെങ്കിലും ഗുരുശിഷ്യ ബന്ധം പോലുള്ള സമീപനമായിരന്നു സി എം ഉസ്താദവര്‍കളോട് വെച്ച് പുലര്‍ത്തിയിരുന്നത്. അത് പോലെ തന്റെ കണ്ണിലെ നക്ഷത്ര തിളക്കമായി ഉസ്താദവര്‍കള്‍ എപ്പോഴും പറയാറുള്ള കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി, കല്ലട്ര അബ്ബാസ് ഹാജി, തെക്കില്‍ മൂസ ഹാജി, ദാറുല്‍ ഇര്‍ശാദ് മാനേജര്‍ ഖത്തര്‍ അബ്ദുല്ല ഹാജി.

ചുരുക്കത്തില്‍, ഒരു സമുദായ പരിഷ്കര്‍ത്താവിന് വേണ്ട ഗുണങ്ങള്‍ ഒത്തിണങ്ങിയ അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളാണ് മര്‍ഹൂം ഖാസി സി എം അബ്ദുല്ല മൌലവി. മതസാംസ്കാരിക രാഷ്ട്രിയ വേദികളില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാവരും ഉസ്താദവര്‍കള്‍ക്ക് പിന്നില്‍ നില്‍ക്കാന്‍ മാത്രമാണ് ധൈര്യപ്പെട്ടിരുന്നത്. തന്റെ കഴിവുറ്റ നേതൃപാടവം കൊണ്ട് മികച്ച സൌഹൃദം വലയം തന്നെ കെട്ടിപ്പടുക്കുവാന്‍ ആ മഹാന് പ്രയാസമുണ്ടായിരുന്നില്ല. ഉന്നത കുലമഹിമയും വശ്യമായ സ്വഭാവ പരിശുദ്ധിയും വിശാല മനസ്കതയും ഏത് പ്രതികൂല സാഹചര്യത്തിലും തന്റെ അഭിപ്രായങ്ങള്‍ ജനമനസ്സുകളില്‍ സ്ഥാനം പിടിക്കാന്‍ കാരണമായി.
ആ മാഹനോട് കൂടെ സ്വര്‍ഗ്ഗലോകത്ത് നമ്മെയും അല്ലാഹു ഒരുമിച്ചു കൂട്ടുമാറാകട്ടെ, ആമീന്‍.

 
Design by Abdul Wajid CK