-ഇസ്മായില്‍ ഹുദവി
(എം ഐ സി ദാറുല്‍ ഇര്‍ശാദ് അക്കാദമി)
ഒരു തിങ്കളാഴ്ചയാണെന്ന് തോന്നുന്നു. ക്ളാസെടുത്തുകൊണ്ടിരിക്കെ ഡ്രൈവര്‍ വന്ന് പറഞ്ഞു.ഉസ്താദ് വിളിക്കുന്നുണ്ട്. ക്ളാസ് കഴിഞ്ഞ് ഉസ്താദവര്‍കളുടെ റൂമില്‍ ചെന്നു. ഉടന്‍ തന്റെ ലാപ്ടോപ്പിന്റെ ബാഗില്‍ നിന്ന് ഒരു കടലാസെടുത്തു പറഞ്ഞു. ഇത് ഒന്ന് പരിശോധിക്കാന്‍ ആര്‍ക്കാണ് അറിയുക? നാവിഗേഷനുമായി ബന്ധപ്പെട്ട ട്രിഗ്ണോമെട്രിയിലെ ഒരു കണക്കായിരുന്നു അത്. ഒന്ന് സൂക്ഷിച്ച് നോക്കി. ഞാന്‍ പറഞ്ഞു, ആര്‍ട്സ് കോളേജില്‍ ബി.എസ്.സി മാത്സുണ്ടല്ലോ. ആ ഡിപ്പാര്‍ട്ട്മെന്റിനെ ഏല്‍പിക്കാം. ഉസ്താദവര്‍കളും അത് ശരിയാണെന്ന് മനസ്സിലാക്കി അവിടെ എത്തിക്കാന്‍ എന്നെ ഏല്‍പിച്ചു.ഉച്ച കഴിഞ്ഞ് ഉസ്താദ് വീണ്ടും വിളിച്ചു. എന്നിട്ട് പറഞ്ഞു:"അവര്‍ കുറെ ശ്രമിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല എന്ന് പറഞ്ഞു''. പിന്നീട്, കുറെ ചിന്തിച്ച് ഉസ്താദ് തന്നെ പറഞ്ഞു:" നാളെ ഹയര്‍ പഠിക്കുന്ന ആരെയെങ്കിലും ഏല്‍പിക്കാം. അവര്‍ക്ക് ഒരു പക്ഷെ, പരിശോധിക്കാന്‍ കഴിഞ്ഞേക്കാം''. രണ്ട് ദിവസം കഴിഞ്ഞ് ഉസ്താദിനോട് സൂത്രത്തില്‍ കാര്യം അന്വേഷിച്ചപ്പോള്‍ ഉസ്താദ് കുലുങ്ങിച്ചിരിച്ച്കൊണ്ട് പറഞ്ഞു: " അതില്‍ ഒരു കുഴപ്പവുമില്ലെന്ന് അവിടെയുള്ള ഒന്നിലധികം പേര്‍ ഇജ്മാആയിട്ടുണ്ട്''.
ഉത്തര മലബാറിലെ വൈജ്ഞാനിക മണ്ഡലങ്ങളില്‍ എന്നും സ്മരിക്കപ്പെടുന്ന പേരാണ് വിശ്രൂത പണ്ഡിതനായ ഖാസി സി എം അബ്ദുല്ല മൌലവി. പണ്ഡിതന്‍, പ്രഭാഷകന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍, സംഘാടകന്‍, നിയമജ്ഞന്‍ എന്നിങ്ങനെ പോകുന്നു ഉസ്താദിന്റെ വിശേഷണങ്ങള്‍. കടന്നു ചെല്ലുന്ന ഏത് മേഖലയിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച സമുദായ പരിഷ്കര്‍ത്താവായിട്ടാണ് ആ മഹാമനുഷി ചരിത്രത്തില്‍ ഗണിക്കപ്പെടുന്നത്. പാണ്ഡിത്യം കിരീടവും പ്രവര്‍ത്തനം ജീവിത തപസ്സ്യയുമാക്കിയ ജ്ഞാന ജ്യോതിസ്സുകളില്‍ അവസാന കണ്ണികളില്‍ ഒരാളെയാണ് ഇന്ന് മുസ്ളിം കേരളത്തിന് നഷ്ടമായിരിക്കുന്നത്.
അഗാത പാണ്ഡിത്യം, കൃത്യമായ ദീര്‍ഘവീക്ഷണം, അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനം, വ്യത്യസ്തമായ അഭിപ്രായങ്ങളെ ഉള്‍കൊള്ളാനുള്ള വിശാല മനസ്കത, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള അപാരമായ മനഃശക്തി തുടങ്ങിയവ ഉസ്താദവര്‍കളെ തന്റെ സമകാലികരില്‍ നിന്നും വ്യതിരിക്തമാക്കുന്നു.
വിദ്യഭ്യാസ പരമായി പിന്നോക്കം നില്‍കുന്ന ഉത്തരമലബാറില്‍ വൈജ്ഞാനിക പുരോഗതിയുടെയും മുന്നേറ്റത്തിന്റെയും ദിശ നിര്‍ണ്ണയിച്ചത് ഉസ്താദവര്‍കളുടെ ഇടപെടലുകളായിരുന്നു. സമുദായത്തിന്റെ ദുരവസ്ഥയില്‍ അസ്വസ്ഥനായ ആ മഹാന്‍ നാളെയുടെ നന്മകള്‍ വിരിയിക്കാന്‍ കനല്‍ പഥങ്ങളിലൂടെ സധൈര്യം മുന്നേറി. അങ്ങനെയായിരുന്നു സഅദിയ്യ അറബിക്ക് കോളേജിന്റെ പിറവിയും മലബാര്‍ ഇസ്ളാമിക്ക് കോംപ്ളക്സിന്റെ ഉദയവും. മതഭൌതിക വിദ്യാഭ്യാസ സമന്വയമെന്ന തന്റെ ഉല്‍ക്കടാഭിലാക്ഷം എം ഐ സി ദാറുല്‍ ഇര്‍ഷാദ് അക്കാദമിയുടെ ഉദയത്തോടെ പൂവണിയുകയുണ്ടായി. തന്റെ ദീര്‍ഘവീക്ഷണത്തോട് കൂടിയുള്ള വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ സഅദിയ്യയിലൂടെ കൈവരിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് അവിടം ഉപേക്ഷിച്ച് പുതിയ മേച്ചില്‍പുറം കണ്ടെത്താന്‍ ഉസ്താദ് തീരുമാനിച്ചത്.
അറിവിനോടുള്ള അടങ്ങാത്ത ആവേശം ഉസ്താദവര്‍കളുടെ ജീവിതത്തിലുടനീളം പ്രകടമായിരുന്നു. ദര്‍സ്സില്‍ നിന്ന് 'ഖുതുബി' ഓതുമ്പോള്‍ അഗാധതയിലേക്കിറങ്ങിച്ചെന്നത് ഇതിനു വ്യക്തമായ തെളിവാണ്. മതങ്ങളെക്കുറിച്ചും ഇസങ്ങളെക്കുറിച്ചുമൊക്കെ ആഴത്തില്‍ പഠിക്കുകയും അവയെക്കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആധുനികവും സങ്കീര്‍ണവുമായ ഫിഖ്ഹീ പ്രശ്ണങ്ങളില്‍ വളരെ അത്ഭുതത്തോട് കൂടി കേട്ടിരുന്നിട്ടുണ്ട്. ഐ.പി.എച്ച്. പുറത്തിറക്കിയ ഇസ്ളാമിക വിജ്ഞാനകോശം ഉസ്താദിന് പരിചയപ്പെടുത്തിക്കൊടുത്തപ്പോള്‍ രണ്ടാഴ്ചക്കിള്ളില്‍ അതിന്റെ 4 ഭാഗം പൂര്‍ണ്ണമായും വായിച്ച് തീര്‍ത്ത് അഭിപ്രായം രേഖപ്പെടുത്തിയത് ഇന്നും ആശ്ചര്യകരമാണ്. ഏത് ദീര്‍ഘയാത്ര കഴിഞ്ഞ് വന്നാലും രാത്രി അല്‍പ്പം ഗ്രന്ഥ രചനയും വായനയും ഉസ്താദവര്‍കള്‍ ഒഴിവാക്കിയിരുന്നില്ല. അര്‍ദ്ധരാത്രിയും കഴിഞ്ഞ് രണ്ട് മണിവരെ ചിലപ്പോള്‍ വായനയിലേര്‍പ്പെടാറുണ്ട്. കേരള നിയമസഭയില്‍ ഉമര്‍(റ) കുറിച്ചുള്ള ഒരു ലൈബ്രറി കത്തിച്ച പരാമര്‍ശം വിവാദമായപ്പോള്‍ അതിന്റെ നിജസ്ഥിതി ഏതോ ഒരു ഇംഗ്ളീഷ് പുസ്തകത്തില്‍ നിന്ന് കണ്ടെത്തി സന്തോഷാധിക്യത്താല്‍ ഈ ലേഖകന് മൊബൈലില്‍ വിളിക്കുകയും പെട്ടെന്ന് വാച്ചില്‍ നോക്കിയപ്പോള്‍ ഒരു മണി കഴിഞ്ഞതറിഞ്ഞ് കോള്‍ കട്ട് ചെയ്യുകയും ചെയ്തെന്നു ഉസ്താദവര്‍കള്‍ ചിരിച്ച് കൊണ്ട് പറഞ്ഞപ്പോള്‍ ആ ജ്ഞാന ദാഹിയുടെ വിജ്ഞാന തപസ്സ്യ എത്രമാത്രമാണെന്ന് ഊഹിക്കാന്‍ പ്രയാസമില്ല.
വിജ്ഞാനത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും തന്റെ ചിന്തകള്‍ നടപ്പിലാക്കാനുള്ള പ്രായോഗിക രീതികള്‍ സസൂക്ഷ്മം വിലയിരുത്തുകയും ചെയ്യുന്ന ഖാസിയുടെ സ്വഭാവം എന്ത് കൊണ്ടും മാതൃകായോഗ്യമാണ്. 1971ല്‍ കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജിയുടെ സഹായത്താല്‍ തന്റെ ആത്മാര്‍ത്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായി സഅദിയ്യ അറബിക്ക് കോളേജ് തുടങ്ങിയപ്പോഴും പ്രിന്‍സ്പ്പളായും വൈസ് പ്രിന്‍സിപ്പളായും മാറിമാറി ജോലി ചെയ്തപ്പോഴും സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നതിലുപരി ആ സ്ഥാനം കൊണ്ട് തന്റെ സ്ഥാപനത്തിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു ആ പണ്ഡിതവര്യന്റെ ചിന്ത. സ്ഥാപനത്തിന് വേണ്ടി സ്വദേശത്തും വിദേശത്തും പര്യടനം നടത്തുമ്പോള്‍ സ്വന്തം കീശ വീര്‍പ്പിക്കുന്നതിന് പകരം തനിക്ക് ലഭിച്ചത് പോലും സ്ഥാപനത്തിന് കൊടുക്കുന്ന ഉസ്താദവര്‍കളുടെ മാതൃക പിന്‍തലമുക്ക് എന്നും പാഠമാകേണ്ടതുണ്ട് . നന്തി ദാറുസ്സലാമില്‍ നിന്ന് "ശംസുല്‍ ഉലമ'' അവാര്‍ഡായി ലഭിച്ച പതിനായിരത്തി ഒന്നു രൂപയില്‍ അയ്യായിരം രൂപ ആ സ്ഥാപനത്തിന് നല്‍കുന്നതായി അവിടെ നിന്ന് തന്നെ പ്രഖ്യാപിക്കുകയും ബാക്കി അയ്യായിരം തന്റെ സ്ഥാപനമായ എം.ഐ.സി ക്ക് നല്‍കുകയും ചെയ്തതിന് ശേഷം ബാക്കിയുള്ള ഒരു രൂപ കീശയില്‍ നിന്ന് കൊഴിഞ്ഞ് പോയി എന്ന് ഉസ്താദവര്‍കള്‍ വളരെ രസാവഹമായി പറഞ്ഞതും എന്നും മനസ്സില്‍ ഓര്‍ക്കാനാഗ്രഹിക്കുന്ന കാര്യമാണ്.
സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും സ്ഥാപനങ്ങളുടെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമ്പോഴും സൂക്ഷ്മതക്ക് പ്രഥമ സ്ഥാനം നല്‍കിയായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷം മുമ്പ് ജില്ലയിലെ ഒരു പ്രമുഖന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഫ്ത്താര്‍ വിരുന്നൊരുക്കിയപ്പോള്‍ ആ വിരുന്നിലേക്ക് ഉസ്താദിന്റെ ഭാഗത്ത് നിന്നും അതിഥിയായി ഒരാളെ ക്ഷണിച്ചതിനാല്‍ അവര്‍ക്കാവശ്യമായ ഭക്ഷണം സ്വന്തം വീട്ടില്‍ നിന്ന് ഉണ്ടാക്കി കൊണ്ട് വന്നത് ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്. അത് പോലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നബിദിന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ ദഫും കോല്‍ക്കളിയും അടങ്ങിയ ഒരു സി.ഡി പ്രകാശനം ചെയ്യേണ്ടിവന്നപ്പോള്‍ അതിനുള്ളില്‍ എന്താണെന്ന് വ്യക്തമായി അറിയാത്തതിനാല്‍ അതില്‍ നിന്ന് വിട്ട് നിന്നതും സ്മരണീയമാണ്.
കാലാനുസൃതമായ പരിഷ്കരണത്തിലൂടെ എന്നാല്‍, പൌരാണിക സമ്പ്രദായങ്ങളില്‍ അതിഷ്ഠിതവുമായി ഗവേഷണാത്മക പഠന രീതിയാണ് ഉസാതാദവര്‍കള്‍ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ചത്. മതപണ്ഡിതന്റെ എല്ലാ സ്വഭാവഗുണങ്ങളും വെച്ച് പുലര്‍ത്തുന്നതോടൊപ്പം താന്‍ നിലനില്‍കുന്ന സമൂഹത്തിനും സാഹചര്യത്തിനും ആവശ്യമായ ഭൌതിക വിദ്യഭ്യാസവും ഭാഷാ വൈധഗ്ദ്യവും ഒരു പണ്ഡിതന്‍ കൈവശപ്പെടുത്തണമെന്നത് തന്റെ അഭിലാഷമായിരുന്നു. മതപണ്ഡിതന്മാരില്‍ ഭൌതിക വിദ്യഭ്യാസത്തിന്റെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് ആ മഹാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടില്ല. തന്റെ വേഷവിധാനങ്ങളിലും, വൈയക്തിക ജീവിതത്തിലും ഈ കണിശത വെച്ച് പുലര്‍ത്തിയിരുന്നു. എസ്.എസ്.എല്‍.സി വരെയുള്ള ഔദ്യോഗിക ഭൌതിക വിദ്യഭ്യാസം മാത്രമാണ് ഉസ്താദവര്‍കള്‍ കരസ്ഥമാക്കിയതെങ്കിലും ആ മേഖലയെ തന്റെ അതിവിശാലമായ വായനയിലൂടെ പരിപോഷിപ്പിക്കാന്‍ തനിക്ക് സാധിച്ചു. തന്റെ ഇഷ്ട മേഖലയായ ഗോളശാസ്ത്രത്തില്‍ ഇത്രമാത്രം ഭൌതികശാസ്ത്രത്തെ അവലംഭിക്കുകയും എന്നാല്‍, പുരാതന പണ്ഡിതരുടെ പാതയിലൂടെ മുന്നേറുകയും ചെയ്ത ഒരു പണ്ഡിതനെ കാണുക അസാധ്യമാണ്. പള്ളികള്‍ക്ക് ഖിബ്ല നിര്‍ണയിക്കാന്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ "വിക്കിമാപ്പിയയും'' "ഗൂഗിള്‍ എര്‍ത്തും'' അവലംബമാക്കി ആ സ്ഥലത്തിന്റെ രേഖാംശവും അക്ഷാംശവും കണ്ടെത്തി അവിടെയുള്ള ഖിബ്ല പോയിന്റ് മുന്‍കൂട്ടി കുറിച്ച് വെക്കുകയും മാഗ്നറ്റിക്ക് വേരിയേഷന്‍ കണ്ടെത്തി അതിന്റെ വ്യത്യാസം രേഖപ്പെടുത്തുക എന്നതും ഉസ്താദിന്റെ സ്വഭാവമാണ്. തന്റെ അവസാന കാലങ്ങളില്‍ ഇന്റര്‍നെറ്റിലൂടെ സെര്‍ച്ച് ചെയ്ത് ഗോളശാസ്ത്രത്തിലുണ്ടായ പുതിയ കണ്ടെത്തലുകളെക്കുറിച്ച് ഗവേഷണം നടത്തുകയും പഠിക്കുകയും ചെയ്യുമായിരുന്നു. തന്റെ ആഗ്രഹസഫലീകരണത്തിന്റെ ഭാഗമായ ദാറുല്‍ ഇര്‍ഷാദ് അക്കാദമിയുടെ സിലബസ്സില്‍ ഗോളശാസ്ത്രം ഉള്‍കൊള്ളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും അതിന് വേണ്ടി ആധുനിക സയന്‍സിനെ അടിസ്ഥാനമാക്കിയുള്ള ചെറിയ ഗോളശാസ്ത്ര കൃതി തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിക്കുകയും ചെയ്തിരുന്നു.
ഗ്രന്ധരചനയായിരുന്നു ഉസ്താദവര്‍കളുടെ ഏറ്റവും പ്രിയപ്പെട്ട മേഖല. സരളവും ഗാംഭീര്യതയുമുള്ള ഭാഷയും ഒഴുകുന്ന രചനാശൈലിയും തന്റെ ഈ ജന്മവാസനക്ക് മാറ്റ്കൂട്ടുന്നു. പഠിക്കുന്ന കാലത്ത് തന്നെ വിവിധങ്ങളായ പത്രമാസികകളില്‍ ലേഖനങ്ങളും മറ്റും എഴുതുക പതിവായിരുന്നു. അറബിയിലും ഇംഗ്ളീഷിലും മലയാളത്തിലുമുള്ള തന്റെ രചനകള്‍ എല്ലാം തന്നെ ഗവേഷണാത്മകമാണ്. 'ഫത്ഹുല്‍ കന്‍സ്' എന്ന പേരിലറിയപ്പടുന്ന അറബിമലയാള കവിതയും, സ്വപിതാവിന്റെ പേരിലുള്ള മൌലീദും താന്‍ ഖാസിയായ ശേഷം മംഗലാപുരത്തെ പ്രഥമ ഖാസി മൂസബ്നു മാലിക്കില്‍ ഖുറൈശിയുടെ പേരിലുള്ള 'അല്‍ ഫത്ഹുല്‍ ജൈശി' എന്ന മൌലീദും ആ പണ്ഡിതനിലെ രചനാവൈഭവത്തെ വിളിച്ചോതുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ കണ്ണിനു അസുഖം ബാധിച്ചപ്പോള്‍ മാത്രമാണ് എഴുത്തിന് അല്‍പം വിശ്രമം നല്‍കിയത്. അസുഖം മാറിയതിന് ശേഷം ഏത് തിരക്ക് പിടിച്ച അവസരത്തിലും എഴുത്തും വായനയുംഒഴിവാക്കിയിരുന്നില്ല. രോഗ്രസ്തനായി മംഗലാപുരം യേനപ്പായ യ ഹോസ്പിറ്റലില്‍ വിശ്രമിക്കുമ്പോള്‍ പോലും സന്ദര്‍ശകരെ ഒഴിവാക്കി എഴുത്തിന്റെ ലോകത്തേക്ക് കടക്കാനാണ് ഉസ്താദ് വ്യഗ്രത കാണിച്ചത്. ഈ ആശുപത്രി കാലഘട്ടത്തിലാണ് തന്റെ ഗവേഷണ ഗ്രന്ഥമായ "മംഗലാപുരം ഖാസിമാര്‍'' എന്ന ചരിത്രഗ്രന്ഥം എഴുതാന്‍ ആരംഭിച്ചത്. വളരെ അമൂല്യമായ പല നിഗമനങ്ങളും ആ ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടിത്തിയിട്ടുണ്ട്.(ഗ്രന്ഥത്തിന്റെ കന്നട പതിപ്പ് പുറത്തിറങ്ങിയെങ്കിലും മലയാളപ്പതിപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല) മംഗലാപുരം പ്രഥമ ഖാസിയെക്കുറിച്ചുള്ള മൌലീദും ഈ കാലത്ത് തന്നെയാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. രോഗം മാറാന്‍ വേണ്ടി അദ്ദേഹം നേര്‍ച്ചയാക്കിയതായിരുന്നു വിശ്രുത പ്രവാചക മഹദ് ഗീതം, ബുര്‍ദഃയുടെ വിവര്‍ത്തനം. ഗ്രന്ഥത്തിന്റെ കമ്പ്യൂട്ടര്‍ കോപ്പി പൂര്‍ത്തിയായി രണ്ട് ദിവസത്തിനുള്ളില്‍ ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ പോവുകയും തന്റെ രോഗം പൂര്‍ണ്ണമായും സുഖമായതായി വിവരം ലഭിക്കുകയും ചെയ്തു
ഉസ്താദിന്റെ വളരെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ഇസ്ളാമിക വിദ്യാഭ്യാസ രംഗത്തുള്ള റിസര്‍ച്ച് സമ്പ്രദായം. എം ഐ സിക്ക് കീഴില്‍ മതഭൌതിക സമന്വയ വിദ്യാഭ്യാസത്തിന്റെ പാതയില്‍ പന്ത്രണ്ട് വര്‍ഷമായി സ്തുത്യര്‍ഹരീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ദാറുല്‍ ഇര്‍ശാദ് അക്കാദമി അതിനൊരു വേദിയാകണമെന്ന് ഉസ്താദവര്‍കള്‍ ഏറെ ആഗ്രഹിച്ചിരിന്നു. അത്ഭുതമെന്ന് പറയട്ടെ ദാറുല്‍ ഇര്‍ശാദിന്റെ മാതൃകാ സ്ഥാപനമായ ദാറുല്‍ ഹുദാ ഇസ്ലാമിക്ക് അക്കാദമി ഒരു യൂണിവാഴ്സിറ്റിയായി അപ്രഗ്രേഡ് ചെയ്യുകയും അതിന്റെ പാഠ്യപദ്ധതിയില്‍ പുതിയ പരിഷ്കാരങ്ങള്‍ വരുത്തുകയും തുടര്‍ന്ന് പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് 'തഫ്സീര്‍, ഫിഖ്ഹ്, ഹദീസ്' എന്നീ മൂന്ന് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്പെഷ്യലൈസ് ചെയ്ത് പഠിക്കാനുള്ള അവസരം വന്നിരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഉസ്താദിന്റെ നയനങ്ങളില്‍ നിന്നും സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞത് ഇന്നും വികാരധീനനായ് ഓര്‍ത്തുപോകുകയാണ്. ഒരു വര്‍ഷം മുമ്പ് കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ളാമിക്ക് കോളേജ് ഭാരവാഹികള്‍ നിലവിലുളള സിലബസ്സ് ശൈലിയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ ഉസ്താവര്‍കള്‍ മുന്നോട്ട് വെച്ചത് ഈ ആശയമായിരിന്നു.
സമൂഹത്തിലെ പലഉന്നതരും ഉസ്താദവര്‍കളുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് അകമഴിഞ്ഞ സഹായവും പിന്തുണയും നല്‍കിയിട്ടുണ്ട് .അവയില്‍ മുന്‍പന്തിയില്‍ നില്‍കുന്നത് മലബാര്‍ ഇസ്ളാമിക് കോംബ്ളക്സ് ജനറല്‍ സോക്രട്ടറിയും , സമസ്ത കേന്ദ്ര മുശാവറ അംഗവുമായ യു.എം അബ്ദുറഹ്മാന്‍ മുസ്ളിയാര്‍ അവര്‍കളാണ്. 45 വര്‍ഷത്തെ അഗാധമായ സൌഹൃദ ബന്ധമാണ് ഇരുവരും തമ്മില്‍. സുഹൃത്തുക്കളാണെങ്കിലും ഗുരുശിഷ്യ ബന്ധം പോലുള്ള സമീപനമായിരന്നു സി എം ഉസ്താദവര്‍കളോട് വെച്ച് പുലര്‍ത്തിയിരുന്നത്. അത് പോലെ തന്റെ കണ്ണിലെ നക്ഷത്ര തിളക്കമായി ഉസ്താദവര്‍കള്‍ എപ്പോഴും പറയാറുള്ള കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി, കല്ലട്ര അബ്ബാസ് ഹാജി, തെക്കില്‍ മൂസ ഹാജി, ദാറുല്‍ ഇര്‍ശാദ് മാനേജര്‍ ഖത്തര്‍ അബ്ദുല്ല ഹാജി.
ചുരുക്കത്തില്‍, ഒരു സമുദായ പരിഷ്കര്‍ത്താവിന് വേണ്ട ഗുണങ്ങള്‍ ഒത്തിണങ്ങിയ അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളാണ് മര്‍ഹൂം ഖാസി സി എം അബ്ദുല്ല മൌലവി. മതസാംസ്കാരിക രാഷ്ട്രിയ വേദികളില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാവരും ഉസ്താദവര്‍കള്‍ക്ക് പിന്നില്‍ നില്‍ക്കാന്‍ മാത്രമാണ് ധൈര്യപ്പെട്ടിരുന്നത്. തന്റെ കഴിവുറ്റ നേതൃപാടവം കൊണ്ട് മികച്ച സൌഹൃദം വലയം തന്നെ കെട്ടിപ്പടുക്കുവാന്‍ ആ മഹാന് പ്രയാസമുണ്ടായിരുന്നില്ല. ഉന്നത കുലമഹിമയും വശ്യമായ സ്വഭാവ പരിശുദ്ധിയും വിശാല മനസ്കതയും ഏത് പ്രതികൂല സാഹചര്യത്തിലും തന്റെ അഭിപ്രായങ്ങള്‍ ജനമനസ്സുകളില്‍ സ്ഥാനം പിടിക്കാന്‍ കാരണമായി.
ആ മാഹനോട് കൂടെ സ്വര്‍ഗ്ഗലോകത്ത് നമ്മെയും അല്ലാഹു ഒരുമിച്ചു കൂട്ടുമാറാകട്ടെ, ആമീന്‍.