ഖാസി സി.എം. അബ്ദുല്ല മൗലവി: ജീവിതത്തിനും മരണത്തിനും ഇടയില്‍

-സിദ്ദിഖ്‌ നദവി ചേരൂര്‍
എന്തോ ഭീതിദമായ ദുഃസ്വപ്‌നം കണ്ടു ഞെട്ടിയുണര്‍ന്ന പ്രതീതിയിലാണ്‌ കാസര്‍കോട്ടെ ജനങ്ങള്‍. കണ്ടത്‌ സ്വപ്‌നം മാത്രമാകണമെന്ന്‌ ഉള്ളില്‍ ഇരമ്പി മറയുന്നു. അതിനിടയില്‍ അത്‌ സ്വപ്‌നമല്ല സംഭവം തന്നെയാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ മനസ്സ്‌ വിറങ്ങലിച്ച്‌ നില്‍ക്കുന്നു.
ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ വിയോഗം ചെമ്പരിക്കയിലും പരിസര പ്രദേശങ്ങളിലും അദ്ദേഹം വളര്‍ത്തിയ സ്ഥാപനങ്ങളിലും നേതൃത്വം നല്‍കിയ സംഘടനകളിലും സൃഷ്ടിക്കുന്ന നഷ്ടവും ആഘാതവും എത്ര കടുത്തതായിരിക്കും എന്ന കണക്കെടുപ്പ്‌ പോലും അസാധ്യമാക്കും വിധം ആ മരണസാഹചര്യം അവരെ മഥിക്കുകയും മൂകരാക്കുകയും ചെയ്യുന്നു. ഇങ്ങനെയും ഒന്ന്‌ സംഭവിക്കുമോ ? ഉത്തരം കിട്ടാതെ അവര്‍ തരിച്ചു നില്‍ക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍പോലും വിവാദങ്ങള്‍ വഴി തുറക്കാതെ, ശാന്തവും പക്വവും കുലീനവുമായ ജീവിതം കൊണ്ട്‌ അടുത്തവരെയും അകന്നവരെയും ഒരുപോലെ തന്റെ ആകര്‍ഷകവലയത്തില്‍ പിടിച്ചുനിര്‍ത്തിയ ഉസ്‌താദിന്റെ മരണം ഇങ്ങനെ വിവാദങ്ങള്‍ക്കും ദുരൂഹതകള്‍ക്കും നിമിത്തമായത്‌ വിധിവൈപരീത്യം എന്നല്ലാതെ മറ്റെന്ത്‌ പറയാന്‍ !
വിശാലമായ മരുഭൂമിയില്‍ ഒരിടത്ത്‌ വളര്‍ന്ന്‌ പടര്‍ന്ന്‌ പന്തലിച്ച നിലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വടവൃക്ഷം ഒരു സുപ്രഭാതത്തില്‍ കടപുഴകി വീഴുന്നു. കൊടുങ്കാറ്റ്‌ അടിച്ചുവീശിയിട്ടില്ല. ഭൂമികുലുക്കം ഉണ്ടായിട്ടില്ല. ആരും വെട്ടിമാറ്റിയതായി പ്രത്യക്ഷത്തില്‍ തെളിയുന്നുമില്ല. ഇത്തരം ഒരു അനുഭവം ജനങ്ങളെ എത്രമേല്‍ ആശ്ചര്യഭരിതവും അത്ഭുതസ്‌തബ്ദവും ആക്കാമോ അതുപോലുള്ള ഒരവസ്ഥയിലാണ്‌ ആ മരണവാര്‍ത്ത നമ്മെ കൊണ്ടെത്തിച്ചത്‌. ആയിരങ്ങള്‍ക്ക്‌ ആശ്വാസത്തിന്റെ തണലും അറിവിന്റെ കായ്‌കനികളും നല്‍കി ഉത്സാഹഭരിതരാക്കിയിരുന്ന മഹാനുഭാവന്റെ ഭൗതീകശരീരമാണ്‌ ആരും നിനച്ചിരിക്കാത്ത നേരത്തും തീരത്തും ചേതനയറ്റ നിലയില്‍ അവരുടെ കരങ്ങളിലണിഞ്ഞത്‌. അന്നേരം അവരുടെ മനസ്സില്‍ ഇരമ്പിമറിഞ്ഞ ശോകക്കടലിനോട്‌ അറബിക്കടല്‍ പോലും തോല്‍വി സമ്മതിക്കും. ' ശോകങ്ങള്‍ ഇത്ര വ്രവതോ ലോകമില്‍, ലോകമേ, നീ തന്നെ സത്യമാണോ ?' എന്ന്‌ കവി ചോദിച്ച അവസ്ഥയിലായിരുന്നു അദ്ദേഹത്തെ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞവര്‍.
ഉസ്‌താദിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. നിരവധി സംശയങ്ങളും ചോദ്യങ്ങളും ഉത്തരം കിട്ടാതെ കിടക്കുന്നു. എന്നാല്‍, മരണം നടന്ന ശേഷമുള്ള രണ്ട്‌ ദിവസങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി കാര്യങ്ങള്‍ ഏതാണ്ട്‌ വ്യക്തമായി വരികയാണ്‌. സംഭവം കൊലപാതകമാണെന്ന കാര്യം ബലപ്പെടുത്തുന്ന തെളിവുകളാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. പക്ഷെ, സംഭവ ദിവസം പോലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടായ സമീപനത്തില്‍ ജനങ്ങള്‍ രോഷാകുലരാണ്‌. മരണസാഹചര്യം നിക്ഷപക്ഷമായും വസ്‌തുനിഷ്ടമായും വിലയിരുത്താതെ വിഷയത്തെ നിസ്സാരവല്‍ക്കരിക്കാനും വഴി തിരിച്ചുവിടാനുമാണ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ ധൃതികാട്ടിയത്‌. നാടിനെ നടുക്കിയ ഒരു മരണത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതില്‍ പോലീസ്‌ തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ്‌ പുലര്‍ത്തിയത്‌.
മരണം സ്വാഭാവികമാണെന്ന്‌ വരുത്തിതീര്‍ക്കേണ്ടത്‌ പോലീസിനെ സംബന്ധിച്ചിടത്തോളം പലനിലയ്ക്കും ആവശ്യമായിരിക്കാം. കൊലപാതമാണെന്ന്‌ വന്നാല്‍ ഉണ്ടാകാവുന്ന ജനരോഷവും ക്രമസമാധാന പ്രശ്‌നവും മുന്നില്‍ കണ്ട്‌ ജനവികാരം തണുപ്പിക്കുക. ഇതൊരു സാധാരണ സംഭവമാണെന്ന്‌ വിലയിരുത്തി ഫയല്‍ ക്ലോസ്‌ ചെയ്‌താല്‍ അവര്‍ക്ക്‌ സമാധാനമായി. അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും അലമ്പും ആയാസവും ഒഴിവാക്കി കിട്ടും. എന്നാല്‍, ഇതിനും അപ്പുറം മറ്റുവല്ല താല്‍പര്യങ്ങളും പോലീസിനെ സ്വാധീനിച്ചിരുന്നോ എന്ന്‌ ന്യായമായും സംശയിക്കാവുന്ന നിലയിലേക്കാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്‌. ഇത്തരം ഒരു സംഭവം നടന്നാല്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ അയക്കുന്നതിനു മുമ്പ്‌ പോലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടാകേണ്ട പല നടപടികളും ഇവിടെ നടന്നില്ല. കൊലപാതകം ആകാനുള്ള ശക്തമായ സാധ്യത അപ്പോള്‍ തന്നെ നിലവിലുണ്ടായിട്ടും ആ വഴിയുള്ള ഒരു നടപടിയും അവര്‍ എടുത്തില്ല. കണ്ടെത്തിയ സാധനങ്ങളിലും അദ്ദേഹം അവസാനമായി താമസിച്ച സ്ഥലത്തെയും ഉപയോഗിച്ച സാധനങ്ങളിലെയും തെളിവുകള്‍ ശേഖരിക്കാനോ വിരലടയാളം രേഖപ്പെടുത്താനോ പോലീസ്‌ തയ്യാറായില്ല.

സംഭവസ്ഥലം പോലീസ്‌ നായയെകൊണ്ട്‌ പരിശോധിപ്പിച്ച്‌ പ്രതികളിലേക്കുള്ള സൂചനകള്‍ കണ്ടെത്താനുള്ള ശ്രമം ഉണ്ടായട്ടില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ കിടപ്പുമുറി പരിശോധിച്ചു കിട്ടിയ കുറിപ്പുകള്‍ പൊക്കിപിടിച്ചു അതൊരു ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള ഹീനവും കിരാതവുമായ ശ്രമമാണ്‌ അവര്‍ നടത്തിയത്‌. കദനവും കണ്ണീരുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അനുയായികളുടെയും ബന്ധുജനങ്ങളുടെയും മനസ്സില്‍ കനല്‍ വാരിയിടുന്ന അനുഭവമാണ്‌ ആ നീക്കം സൃഷ്ടിച്ചത്‌. പിന്നീട്‌, നിജസ്ഥിതി ബന്ധുക്കള്‍ പുറത്ത്‌ വിട്ടതോടെ ഇത്തരം കരുനീക്കം നടത്തിയവരും അത്‌ ഏറ്റുപിടിച്ചവരും ഇളിഭ്യരും അപഹാസ്യരുമായി മാറി. കാളപെറ്റൂവെന്ന്‌ കേള്‍ക്കുമ്പോള്‍ കയറെടുക്കാന്‍ ഓടുന്നവരുടെ റോളിലായിരുന്നു ചില മാധ്യമങ്ങള്‍. കേട്ടപാതി, കേള്‍ക്കാത്ത പാതി എന്ന നിലയില്‍ അവര്‍ കഥകള്‍ ചമച്ചു. ആരെക്കുറിച്ചാണോ ഇത്‌ പറയുന്നതെന്നോ, അതിന്റെ സാംഗത്യമോ സാധ്യതയോ സങ്കീര്‍ണ്ണതയോ അവര്‍ക്ക്‌ പ്രശ്‌നമല്ല.
സ്വാത്വികനും സമാദരണീയനുമായ ഖാസിയെക്കുറിച്ച്‌ ഇങ്ങനെയോരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ അത്‌ സമൂഹത്തിന്‌ നല്‍കുന്ന സന്ദേശം എന്താണെന്നും പ്രത്യാഘാതം എത്ര ഗുരുതരമായിരിക്കുമെന്നും ആലോചിക്കാന്‍ കഴിയാത്ത നിലവാരത്തിലായിരുന്നു അവര്‍. ഇത്‌ സംബന്ധിച്ച്‌ നേരിട്ട്‌ അവരോട്‌ വിശദീകരണം ചോദിച്ചപ്പോള്‍ പോലീസിന്റെ ഭാഗത്ത്‌ നിന്ന്‌ കിട്ടിയ വിവരം ആണെന്നാണ്‌ അവര്‍ പ്രതികരിച്ചത്‌. ഇത്തരം ഘട്ടങ്ങളില്‍ പോലീസ്‌ നല്‍കുന്ന വിവിരങ്ങള്‍ എന്തും അണ്ണാക്കില്‍ തട്ടാതെ വിഴുങ്ങുകയാണോ ഒരു പത്രധര്‍മ്മം ? പിറ്റേ ദിവസം പോലീസിന്റെ നിലപാട്‌ ചോദ്യം ചെയ്യപ്പെട്ടൂവെന്ന്‌ എഴുതിയത്‌കൊണ്ട്‌ പ്രശ്‌നം തീരുമോ ? തലേദിവസത്തെ റിപ്പോര്‍ട്ടുകള്‍ ഏറ്റുപിടിച്ച്‌ സമൂഹത്തിന്റെ ചിലഭാഗങ്ങളില്‍ നടന്ന ആശാസ്യമല്ലാത്ത ചര്‍ച്ചകളും വിലയിരുത്തലുകളും കണ്ടില്ലെന്ന്‌ നടിക്കാന്‍ ആവുമോ? ആശയക്കുഴപ്പത്തിന്‌ ' ദല്ലാള്‍ ' പണിയെടുക്കുന്ന ഈ പ്രവൃത്തികൊണ്ട്‌ അവര്‍ എന്ത്‌ നേടി ? സാമാന്യബുദ്ധിക്ക്‌ നിരക്കാത്ത വാദമാണ്‌ പോലീസ്‌ പുറത്ത്‌ വിട്ടത്‌. യുക്തിയുടെയും മനുഷ്യ മനസ്സിന്റെ മനഃശാസ്‌ത്ര വിശകലനത്തിന്റെയും അംഗീകൃത മാനദണ്ഡങ്ങള്‍ വെച്ച്‌ ഏത്‌ കോണിലൂടെ നോക്കിയാലും ഉസ്‌താദ്‌ സ്വയം മരണം പുല്‍കുകയെന്നത്‌ ചിന്തിക്കാനോ സങ്കല്‍പ്പിക്കാനോ സാധ്യമല്ലാത്ത കാര്യമാണ്‌. അവസാന നിമിഷങ്ങള്‍ വരെ താന്‍ നിലകൊള്ളുന്ന ദൗത്യത്തിന്‌ വേണ്ടി സമര്‍പ്പിത ബുദ്ധിയോടെ സജീവമായിരുന്ന അദ്ദേഹം ഒരു നൂറ്‌ ജന്മം ലഭിച്ചാലും അതെല്ലാം തന്റെ ദൗത്യത്തിനും ധര്‍മ്മത്തിനും വേണ്ടി സമര്‍പ്പിച്ചു ദൈവപ്രീതിയിലൂടെ സായൂജ്യം നേടാനുള്ള വെമ്പലുമായാണ്‌ ആദ്യാവസാനം ജീവിച്ചത്‌. താന്‍ ഉയര്‍ത്തി പിടിക്കുന്ന മൂല്യങ്ങളിലോ ജീവിതവിശുദ്ധിയിലോ ഒരു വിട്ടുവീഴ്‌ചയും ചെയ്യാന്‍ തയ്യാറാകാതെ തികച്ചും സ്വാത്വികമായ ജീവിതം നയിച്ചതുകൊണ്ടാണല്ലോ അദ്ദേഹത്തെ അറിയിന്നവരുടെ മനസ്സിലെല്ലാം ഐശ്വര്യത്തിന്റെയും അഭിമാനത്തിന്റെയും തേജസ്വരൂപമായി ആ മുഖം സ്ഥാനം പിടിച്ചത്‌.
ഇപ്പോള്‍ വിഷയം കൊലപാതകമാണെന്ന്‌ മാത്രമല്ല; അതിനെ വഴിതിരിച്ചുവിടാന്‍ പോലീസിന്റെ ഭാഗത്ത്‌ നിന്നും അവിഹിത നീക്കങ്ങള്‍ ഉണ്ടായെന്നും സുചനകള്‍ പുറത്ത്‌ വരുന്നു. പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ട രീതിയും ഏറെ വിവാദമായിരിക്കുകയാണ്‌. ശരീരത്തിലുണ്ടായ മുറിവുകള്‍ ബലപ്രയോഗം നടന്നതായി സൂചന ലഭിച്ചിട്ടും അത്‌ മുഖവിലക്കെടുക്കാതെയാണ്‌ പോലീസ്‌ നീങ്ങിയത്‌. ഈ ഹീനകൃത്യം ചെയ്‌തത്‌ ആര്‌ ? എന്തിന്‌ അവര്‍ ഈ കടുംകൈ ചെയ്‌തു ? സംഭവത്തില്‍ പോലീസിന്റെ പങ്കും അന്വേഷണവിധേയമാക്കേണ്ട സാഹചര്യമാണ്‌ ഇപ്പോള്‍ ഉള്ളത്‌. കേരള പോലീസിന്റെ അന്വേഷണം തൃപ്‌തികരമായി നീങ്ങുമെന്ന്‌ ആര്‍ക്കും വിശ്വാസമില്ല. അവരുടെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന പല പ്രവൃത്തികളും പോലീസ്‌ സംവിധാനത്തിന്റെ തന്നെ വിശ്വാസതയും മതിപ്പും നഷ്ടപ്പെടുത്തുന്ന തരത്തിലാണ്‌. സി.ബി.ഐ.അന്വഷണത്തിലൂടെ മാത്രമേ സത്യാവസ്ഥ പുറത്ത്‌ കൊണ്ടുവരാന്‍ കഴിയൂ എന്ന ശക്തമായ വികാരം അധികൃതര്‍ക്ക്‌ അവഗണിക്കാന്‍ കഴിയില്ല.
ജീവിതത്തിലുടനീളം വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ ഉസ്‌താദ്‌ ആരെയും വേദനിപ്പിക്കുകയോ ശത്രുത നേടുകയോ ചെയ്‌തിട്ടില്ലെന്നത്‌ ശരിയാണ്‌. അതേ സമയം, അദ്ദേഹത്തിന്റെ മഹനീയ സാന്നിദ്ധ്യം ചിലരെയെങ്കിലും അലോസരപ്പെടുത്തിയിരുന്നുവെന്നതും സത്യമാണ്‌. താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും സ്ഥാപനത്തിനും ആദര്‍ശത്തിനും അപ്രതിരോധമായ കവചം തീര്‍ത്ത ശക്തി ദുര്‍ഗമായിരുന്ന ആ മഹാന്റെ സാന്നിധ്യം. പ്രതിയോഗികളില്‍ അസൂയയും പകയും സൃഷ്ടിക്കുക സ്വാഭാവികം മാത്രം. ഖാസി എന്ന നിലയില്‍ നീതിന്യായ രംഗത്ത്‌ പുലര്‍ത്തിയ കണിശമായ നിലപാടുകളും അദ്ദേഹത്തിന്‌ ശത്രുക്കളെ സൃഷ്ടിച്ചിരിക്കാം. വിശ്വവിഖ്യാത പണ്ഡിതകേസരി ഇമാം ശാഫി ഈ(റ)യുടെ പോലും മരണം കൊതിച്ചു നടന്നവരുടെ ലോകമാണിത്‌. ഇമാം ശാഫി തന്നെ ഇക്കാര്യം തന്റെ കവിതകളില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഗൂഢശക്തികളുടെയും തല്‍പ്പര കക്ഷികളുടെയും കുല്‍സിത നീക്കങ്ങളില്‍ നിന്ന്‌ ഖലീഫ ഉമര്‍(റ) അടക്കമുള്ള മൂന്ന്‌ ഖലീഫമാര്‍ക്ക്‌ പോലും രക്ഷപ്പെടാനായില്ല. അന്ത്യപ്രവാചകന്റെ പൊന്നോമന പൗത്രനായ ഹുസൈന്‍(റ) പ്രതിയോഗികളാല്‍ ഗളഛേദം ചെയ്യുപ്പെടുകയായിരുന്നു. ഇത്തരം വകവരുത്തല്‍കൊണ്ട്‌ അവരുടെ വ്യക്തിത്വത്തിനോ മഹത്വത്തിനോ ഒരുപോറലും സംഭവിച്ചില്ല. മറിച്ച്‌ ചരിത്രത്തില്‍ ചിരസ്‌മരണീയരായി അവര്‍ തലമുറകള്‍ക്ക്‌ ആവേശം പകര്‍ന്നുകൊണ്ടിരിക്കുന്നു.
അറിവ്‌ നേടുക, നല്‍കുക, അതിന്‌ വേണ്ട സംവിധാനം ഒരുക്കുക, ജീവിതത്തിലുടനീളം സി.എം.ഉസ്‌താദ്‌ തന്റെ ദൗത്യവും ലക്ഷ്യവുമായി കൊണ്ട്‌ നടന്നത്‌ ഈ കാര്യങ്ങളായിരുന്നു. ആദ്യം ആലിയ അറബികോളേജുമായി സഹകരിച്ച്‌ പ്രവര്‍ത്തിച്ചു. പിന്നീട്‌, സഅദിയ്യ കോളേജിന്റെ ആവിര്‍ഭാവത്തില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. വര്‍ഷങ്ങളോളം അതിന്റെ ഭരണവും, അധ്യാപനവും നിസ്വാര്‍ത്ഥമായി നിര്‍വ്വഹിച്ചുപോന്നു. ദൗര്‍ഭാഗ്യകരമായ ചില സാഹചര്യങ്ങള്‍ കാരണം അതുമായി ബന്ധപ്പെട്ടു മുന്നോട്ട്‌ പോകാന്‍ തന്റെ മനഃസാക്ഷി അനുവദിക്കാതെ വന്നപ്പോള്‍ സ്വയം മാറിനില്‍ക്കുകയായിരുന്നു. പ്രായം 60 പിന്നിട്ട സമയം എന്നിട്ടും വീട്ടില്‍ വിശ്രമിക്കാനല്ല അദ്ദേഹം താല്‍പ്പര്യപ്പെട്ടത്‌. ഇനിയും ഒരു മഹാപ്രസ്ഥാനത്തിന്റെ സംസ്ഥാപനത്തിന്‌ ചുക്കാന്‍ പിടിക്കാന്‍ തനിക്ക്‌ ബാല്യമുണ്ടെന്ന്‌ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ഭാഗധേയത്തിലൂടെ ഉസ്‌താദ്‌ തെളിയിച്ചു.

കഴിഞ്ഞ 17 വര്‍ഷം കൊണ്ട്‌ ഒരു സ്ഥാപനത്തിന്‌ സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന വിപുലമായ ഒരു സമുഛയമായി അത്‌ മാറി. ഈ വളര്‍ച്ചയില്‍ ഉസ്‌താദിന്റെ വ്യക്തിപ്രഭാവവും നിസ്വാര്‍ത്ഥ നേതൃത്വവും ബഹുജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും നിര്‍ണ്ണായക പങ്കാണ്‌ വഹിച്ചതെന്ന്‌ സമ്മതിക്കാന്‍ ആര്‍ക്കും രണ്ട്‌ വട്ടം ആലോചിക്കേണ്ടി വരില്ല. ഉത്തരമലബാറില്‍ സമസ്‌തയെ ഒരു ബഹുജനപ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും സി.എം.ഉസ്‌താദിന്റെ സംഭാവനകള്‍ അദ്വിതീയമാണ്‌. മുസ്ലീങ്ങളുടെ സംഘശക്തിയും രാഷ്ട്രീയശാക്തീകരണവും അനിവാര്യമാണെന്ന്‌ വിശ്വസിച്ചിരുന്ന ഉസ്‌താദ്‌, അതിനു ഹാനികരമാകുന്ന ഒരു നീക്കവും വച്ചുപൊറുപ്പിച്ചില്ല. എല്ലാ മതവിഭാഗക്കാരും ഒരുപോലെ ആദരിച്ചിരുന്ന മഹാന്‍ സാമുദായിക സൗഹാര്‍ദ്ദം അപകടത്തിലാകുന്ന ഘട്ടങ്ങളിലെല്ലാം അതിനെതിരെ ശക്തമായി നിലകൊണ്ടു. തന്റെ അയല്‍ പ്രദേശമായ കീഴൂരില്‍ ഏതാനും വര്‍ഷം മുമ്പ്‌ ചെറിയവര്‍ഗ്ഗീയ പ്രശ്‌നം ഉടലെടുത്തപ്പോള്‍ ഉസ്‌താദ്‌ മുന്നില്‍ നിന്നു ശാന്തിയാത്ര നയിച്ചത്‌ ആരും മറന്നുകാണില്ല.
വാക്കുകളിലെ മിതത്വവും സമീപനത്തിലെ സന്തുലിതത്വവും പുതിയ വിഷയങ്ങള്‍ പഠിക്കാനുള്ള ത്വരയും ഉസ്‌താദിന്റെ മുഖമുദ്രയായിരുന്നു. മറ്റുപല സമകാലിക പണ്ഡിതര്‍ക്കും എത്തിപ്പെടാനാവാത്ത ഉയരത്തിലും വ്യാപ്‌തിയിലും ആണ്‌ ഉസ്‌താദിന്റെ മനസ്സ്‌ വ്യാപരിച്ചത്‌. ഒന്നിലും എടുത്ത്‌ ചാട്ടമില്ല, ഒന്നിനോടും തീവ്രമായി പ്രതികരിക്കില്ല, എല്ലാ അഭിപ്രായങ്ങളും ശ്രദ്ധിച്ച്‌ കേള്‍ക്കും, ഒടുവില്‍ മാത്രം തന്റെ തീരുമാനം പ്രഖ്യാപിക്കും. വ്യക്തിപരമായ നേട്ട-നഷ്ടങ്ങള്‍ ഒന്നിന്റെയും മാനദണ്ഡമായില്ല. പഴമയുടെ എല്ലാ നന്മയും നിലനിര്‍ത്തിക്കൊണ്ട്‌ തന്റെ പുതുമയുടെ സാധ്യതകള്‍ പരമാവധി സാംശീകരിച്ചു. എല്ലാം കൊണ്ടും കാലം കരുതലോടെ രൂപപ്പെടുത്തിയെടുത്ത ഒരു അപൂര്‍വ്വ വ്യക്തിത്വത്തമായിരുന്നു ഖാസി സി.എം.അബ്ദുല്ല മൗലവി. ആ മഹാനുഭാവന്റെ പരലോകജീവിതം സൗഭാഗ്യപൂര്‍ണ്ണമാക്കാന്‍ നമ്മുക്ക്‌ പ്രാര്‍ത്ഥിക്കാം. ഒപ്പം ആ മഹാന്റെ ദുരൂഹമരണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ടശക്തികളെ നിയമത്തിന്‌ മുന്നിലേക്ക്‌ കൊണ്ടുവരാനുള്ള ത്യാഗയജ്ഞനത്തില്‍ നമുക്ക്‌ അണിചേരാം. നാഥന്‍ തുണക്കട്ടെ(ആമീന്‍).

 
Design by Abdul Wajid CK